ഒരു ഇടവേളയ്ക്ക് ശേഷം നടി മീര ജാസ്മിൻ മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര ജാസ്മിൻ തിരിച്ചെത്തുന്നത്. ‘മകൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ദേവിക സഞ്ജയും ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ ട്രയിലർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 123 മ്യൂസിക്സ് എന്ന യുട്യൂബ് ചാനൽ വഴിയാണ് ട്രയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 14ന് റിലീസ് ചെയ്തിരിക്കുന്ന ട്രയിലറിന് വൻ വരവേൽപ്പ് ആണ് പ്രേക്ഷകർ നൽകിയിരിക്കുന്നത്. ‘സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ ജയറാമേട്ടന്റെയും മീര ജാസ്മിന്റെയും ഗംഭീര തിരിച്ചുവരവ് തന്നെ പ്രതീക്ഷിക്കുന്നു’, ‘ജയറാമേട്ടൻ മീര ജാസ്മിൻ എല്ലാവർക്കും ആശംസകൾ… സത്യൻ അന്തിക്കാട് സാറിന്റെ ഒരു ഹിറ്റ് സിനിമയായി മാറട്ടെ’, ‘നല്ലൊരു കുടുംബ ചിത്രം ആയിരിക്കും എല്ലാവർക്കും ആശംസകൾ’, എന്നിങ്ങനെ പോകുന്നു യുട്യൂബിൽ റിലീസ് ചെയ്ത ട്രയിലറിന് വന്ന കമന്റുകൾ.
ഒരു കുടുംബചിത്രമാണെന്ന് ഉറപ്പു നൽകുന്ന വിധത്തിലാണ് ട്രയിലർ ഒരുക്കിയിരിക്കുന്നത്. മീര ജാസ്മിനും ജയറാമും ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മീര ജാസ്മിൻ, ജയറാം, ദേവിക എന്നിവർ ആയിരുന്നു ഉണ്ടായിരുന്നത്. ആറു വർഷത്തിനു ശേഷമാണ് മീര ജാസ്മിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമെത്തുന്നത്. ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിൻ നായികയായി എത്തുന്ന സത്യൻ അന്തിക്കാട് ചിത്രം കൂടിയാണിത്.
ചിത്രത്തിൽ മീര ജാസ്മിനും ജയറാമിനും ദേവികയ്ക്കും ഒപ്പം നെസ് ലെനും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഏപ്രിൽ 29ന് ചിത്രം റിലീസ് ചെയ്യും. സെൻട്രൽ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം. ഡോ ഇഖ്ബാൽ കുറ്റിപ്പുറം ആണ് ചിത്രത്തിന്റെ രചന. രാഹുൽ രാജ് ആണ് പശ്ചാത്തലസംഗീതം. സംഗീതം വിഷ്ണു വിജയ്. എസ് കുമാർ ക്യാമറയും കെ രാജഗോപാൽ എഡിറ്റിംഗും. ചിത്രത്തിൽ ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ദിഖ്, അൽതാഫ് സലിം, ജയശങ്കർ, മീര നായർ, ശ്രീധന്യ, നിൽജ ബേബി, ബാലാജി മനോഹർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.