മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലൈക്കോട്ടൈ വാലിബൻ. ചിത്രത്തിന്റെ ടീസർ ദിവസങ്ങൾക്ക് മുമ്പായിരുന്നു റിലീസ് ചെയ്തത്. ഇപ്പോഴും യുട്യൂബിൽ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്താണ് വാലിബൻ ടീസർ. പത്ത് മില്യൺ ആളുകളാണ് ഇതുവരെ ടീസർ കണ്ടത്. ടീസർ കണ്ട സിനിമാപ്രേമികളുടെ കണ്ണിൽ ആദ്യം ഉടക്കിയത് മോഹൻലാലിന്റെ ചെവിയിൽ കിടന്ന കടുക്കൻ ആയിരുന്നു. ആ കടുക്കൻ സ്വന്തമാക്കാനായി ആമസോണിലും ഫ്ലിപ്പ് കാർട്ടിലും രാപകലില്ലാതെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടു കിട്ടിയില്ല. ഇപ്പോൾ ആ കടുക്കൻ ഉണ്ടാക്കിയ ആളെ തന്നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ആർട്ടിസ്റ്റായ സേതു ശിവാനന്ദൻ. സേതുവിന്റെ അച്ഛനായ ശിവാനന്ദൻ ആണ് ലൈറ്റ് ഓറഞ്ച് നിറത്തിലുള്ള കല്ല് വച്ചുള്ള ഈ കടുക്കൻ നിർമിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെയും കോസ്റ്റ്യൂമർ സുജിത്തിന്റെയും നിർദ്ദേശപ്രകാരമായിരുന്നു കടുക്കൻ നിർമിച്ചത്. ശിവാനന്ദൻ ഗോൾഡ് ഡിസൈനർ ആണ്. ഒപ്പം കൃഷ്ണപുരം കോ-ഓപ്പറേറ്റീവ് ബാങ്കിലും ജോലി ചെയ്യുന്നുണ്ട്. മാലൈക്കോട്ടൈ വാലിബനിൽ മോഹൻലാൽ ഉപയോഗിക്കുന്ന കടുക്കന്‍ ഒരു റഫ് ഫീൽ വേണമെന്നും ഹാൻഡ് മെയ്ഡ് ആയിരിക്കണമെന്നും ലിജോ ജോസ് പെല്ലിശ്ശേരിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് കടുക്കൻ നിർമിക്കാനുള്ള ഉത്തരവാദിത്തം ശിവാനന്ദനിലേക്ക് എത്തിയത്. ഏതായാലും കടുക്കൻ ഉണ്ടാക്കിയ ആളെ കണ്ടെത്തിയതോടെ തങ്ങൾക്കും ഇതേപോലെ ഒരു കടുക്കൻ കിട്ടുമോ എന്നാണ് ആരാധകർ അന്വേഷിക്കുന്നത്.
2024 ജനുവരി 25ന് മാലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ റിലീസ് ചെയ്യും. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആര് ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും. രാജസ്ഥാനിലെ ജയ് സാൽമീറിൽ ആയിരുന്നു മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിംഗ്. മധു നീലകണ്ഠന് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി എസ് റഫീഖ് ആണ്.