അതിജീവിതയ്ക്ക് നിതീ വൈകുന്നതില്‍ തീരുമാനമെടുക്കേണ്ടത് താരസംഘടന ‘അമ്മ’യല്ലെന്ന് നടന് ടൊവിനോ തോമസ്. കോടതിയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ‘അമ്മ’ സംഘടനയെ ചോദ്യം ചെയ്യുന്നതിനേക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായമെന്ന് വിശ്വസിക്കുന്നുവെന്നും ടൊവിനോ പറയുന്നു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. ടൊവിനോയ്ക്കൊപ്പം സംവിധായകന് ആഷിക് അബുവും ഉണ്ടായിരുന്നു.
കുറേ അഭിനേതാക്കളുടെ കൂട്ടായ്മയാണ് ‘അമ്മ’. അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ ‘അമ്മ’ ഒരു നിലപാട് സ്വീകരിക്കണമെന്ന് കരുതുന്നില്ലെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ‘അമ്മ’ രൂപപ്പെടുത്തിയിരിക്കുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് വേണ്ടിയിട്ടല്ല. നിരവധി പേര് ‘അമ്മ’യുടെ സഹായം കൈപ്പറ്റുന്നുണ്ട്. അതൊക്കെ നല്ല കാര്യങ്ങളാണ്. ഒരു ക്രൈം നടക്കുമ്പോള്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. പക്ഷേ എവിടെയാണെങ്കിലും നിലപാട് പറയാന്‍ കഴിയുമെന്നും ടൊവിനോ പറഞ്ഞു.
മലയാള സിനിമയുടെ മുഴുവന്‍ ഉത്തരവാദിത്തവും നിറവേറ്റ സംഘടനയല്ല ‘അമ്മ’ എന്നായിരുന്നു ആഷിക് അബു പറഞ്ഞത്. കേസില്‍ കാലതാമസം നേരിടുന്നുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ട്. അന്തിമമായി നടിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആഷിക് അബു പറഞ്ഞു.