നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. ആലുവ രാജഗിരി ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം.
പ്രശസ്ത ചലച്ചിത്ര നടിയും അവതാരകയുമാണ് സുബി സുരേഷ്. സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സിനിമയിലേക്ക് കടന്നുവരുന്നത്. രാജസേനന് സംവിധാനം ചെയ്ത കനക സിംഹാസനം ആണ് സുബി അഭിനയിച്ച ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. സുബിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. നിരവധി പേര് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തി.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയാണ് സുബിയുടെ സ്വദേശം. അച്ഛന് സുരേഷ്, അമ്മ അംബിക, സഹോദരന് എബി സുരേഷ്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്കൂളിലും, എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്കൂള്‍-കോളജ് വിദ്യാഭ്യാസം. സ്കൂള്‍ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാന്‍ തുടങ്ങി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മിനി സ്ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.