മലയാളികൾ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്തു. ഇപ്പോൾ ദൃശ്യം സിനിമ കൊറിയയിലേക്ക് പറക്കാൻ ഒരുങ്ങുകയാണ്. ക്രൈം ത്രില്ലറുകളുടെ നാടായ കൊറിയയിലേക്ക് ഇനി നമ്മുടെ കൊച്ചു ക്രൈം ത്രില്ലർ കൂടി എത്തുകയാണ്,
ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാൻ ചലച്ചിത്ര മേളയിലെ ഇന്ത്യ പവലിയനിലാണ് ദൃശ്യം സിനിമ റീമേക്ക് ഒരുക്കാൻ പനോരമ സ്റ്റുഡിയോസും ദക്ഷിണ കൊറിയയിലെ ആന്തോളജി സ്റ്റുഡിയോസും തമ്മിൽ കരാറായതായി പ്രഖ്യാപനമുണ്ടായത്. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 2013ൽ റിലീസ് ചെയ്ത ദൃശ്യം ഒന്നാം ഭാഗത്തിന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിൽ റീമേക്ക് ഉണ്ടായിരുന്നു. രണ്ടാംഭാഗം റീമേക്ക് മൂന്ന് ഭാഷകളിലാണ് ഉണ്ടായത്. ഇതിൽ ഹിന്ദി ദൃശ്യത്തിന്റെ നിർമാതാക്കളുമായാണ് ആന്തോളജി സ്റ്റുഡിയോസിന്റെ കരാർ.
കൊറിയ – ഇന്ത്യ കോ പ്രൊഡക്ഷൻ രംഗത്തെ ആദ്യത്തെ വൻകിട പ്രൊജക്ടാണിത്. ആന്തോളജി സ്റ്റുഡിയോസ് മേധാവി ജേ ചോയ് പറഞ്ഞു. സംവിധായകൻ കിം ജീവൂൺ, ഓസ്കർ നേടിയ കൊറിയൻ പടം പാരസൈറ്റിലെ താരമായ സോങ് കാങ്ഹോ എന്നിവരുമായി ചേർന്നാണ് ജേ ചോയ് ആന്തോളജി സ്റ്റുഡിയോസ് തുടങ്ങിയത്.