ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒരുമിച്ചെത്തിയ ജനഗണമന മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് ചിത്രം 20 കോടി കളക്ട് ചെയ്തതായാണ് വിവരം.
മൂന്നു ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 5.15 കോടിയാണ്. 4.25 കോടിയാണ് നെറ്റ്. ഷെയര്‍ 2.49 കോടി. ചിത്രം കേരളത്തിന് പുറത്തുള്ള സെന്ററുകളിലും മികച്ച ബുക്കിംഗ് ആണ് നേടുന്നത്. അതേസമയം ചിത്രത്തിന്റെ കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി ചിത്രം സിബിഐ 5 കൂടി എത്തിയത് ജനഗണ മനയുടെ ഞായറാഴ്ച കളക്ഷനില്‍ പ്രതിഫലിക്കുമെങ്കിലും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച മൗത്ത് പബ്ലിസിറ്റി വരും ദിനങ്ങളില്‍ ചിത്രത്തെ തിയറ്ററുകളില്‍ പിടിച്ചുനിര്‍ത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
2021 ജനുവരിയില്‍ പ്രോമോ പുറത്തെത്തിയ സമയത്തുതന്നെ ശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ജനഗണമന. ഷാരിസ് മുഹമ്മദിന്റേതാണ് ചിത്രത്തിന്റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീ ദിവ്യ, ധ്രുവന്, ശാരി, ഷമ്മി തിലകന്, രാജ കൃഷ്ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്, ഹരി കൃഷ്ണന്, വിജയകുമാര്‍, വൈഷ്ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, ശുഭ വെങ്കട്, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.