പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥക്ക് ചലച്ചിത്രരൂപം നൽകി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ പി.എസ് ഷംനാസ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളിയും ആസിഫ് അലിയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കുന്ന ചിത്രമാണ് മഹാവീര്യർ. വലിയ ക്യാൻവാസിലാണ് ചിത്രം ഒരുങ്ങുന്നത്. വര്‍ഷങ്ങൾക്ക് ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്.
കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന് എം.മുകുന്ദനാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിയ്ക്കുന്ന ചിത്രമാണ് മഹാവീര്യര്‍. രാജസ്ഥാനിലും കേരളത്തിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ മഹാവീര്യറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈന്‍ തന്നെയാണ് . നിവിനും ആസിഫും കൂടാതെ ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, വിജയ് മേനോന്, മേജർ രവി, മല്ലിക സുകുമാരൻ, കൃഷ്ണ പ്രസാദ്, , സൂരജ് എസ് കുറുപ്പ്, സുധീര്‍ കരമന, പദ്മരാജന് രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു, പ്രജോദ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.