ഇന്ദ്രന്‍സ്, ദുര്‍ഗ, ധ്യാന്‍ ശ്രീനിവാസന് എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് ഉടല്. ഇന്ദ്രന്‍സിന് ചിത്രത്തില്‍ നല്‍കിയിരിക്കുന്ന മേക്കോവര്കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം അടുത്തു തന്നെ റിലീസ് ചെയ്യും. ഇപ്പോഴിതാ റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകള്‍ പുറത്തിറങ്ങുമെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ ഗോകുലം മൂവീസാണ് ഇക്കാര്യം അറിയിച്ചത്. ഉടലിന്റെ സംവിധായകന് രതീഷ് രഘുനന്ദന് തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം നിര്‍വഹിക്കുക. ഉടല് എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിര്‍മ്മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നുവെന്നും എന്നാല്‍ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മിക്കുകയാണെന്നും ഗോകുലം ഗോപാലന് അറിയിച്ചു. ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. അവരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉടല് മലയാളം റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഗോകുലം ഗോപാലന് അറിയിച്ചു.
മെയ് 20 നാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ രചനയും സംവിധായകന് രതീഷ് രഘുനന്ദന് ആണ് നിര്‍വഹിച്ചിരിക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.