ഫഹദ് ഫാസില്‍ ചിത്രം മാലിക്കിന്റെ ഒഫിഷ്യല്‍ ട്രയിലര്‍ മാര്‍ച്ച് 25ന്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിര്‍വഹിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. നരച്ച മുടിയിഴകളും കുഴിഞ്ഞ കണ്ണുകളുമായുള്ള ഫഹദിന്റെ മേക്ക് ഓവര്‍ ലുക്കായിരുന്നു പോസ്റ്ററില്‍. സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2021 മെയ് 13ന് പെരുന്നാള്‍ ദിനത്തിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന് ശ്യാമാണ്.