പൃഥ്വിരാജിന്റെ കവിത സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ചർച്ചയായതാണെന്ന് നടിയും അമ്മയുമായ മല്ലികത സുകുമാരൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് പൃഥ്വിരാജിന്റെ എഴുത്തിനെക്കുറിച്ച് അമ്മ വാചാലയായത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്കൂളിൽ പഠിക്കുന്ന കാലത്ത് പൃഥ്വിരാജ് എഴുതിയ ഒരു കവിതയെക്കുറിച്ചും അത് ഉണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ചും മല്ലിക പറഞ്ഞത്.
എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് പൃഥ്വിരാജ് സ്കൂൾ മാഗസിനിലേക്ക് എഴുതിയ കവിതയാണ് വിവാദമായത്. രണ്ട് സഹോദരർ തമ്മിൽ കണ്ടു മുട്ടുന്നതും പിന്നീട് അവർ ഒരുമിച്ച് ആത്മഹത്യ ചെയ്യുന്നതും ആയിരുന്നു കവിയുടെ സാരാംശം. കവിത ആദ്യം ചെക്ക് ചെയ്തത് ഹൃദയകുമാരി ടീച്ചർ ആയിരുന്നു. കവിത കണ്ട് പേടിച്ച ടീച്ചർ ഹെഡ്മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ നിന്ന് ആളെ വിളിപ്പിച്ചു.
ഹെഡ്മാസ്റ്റർ വിളിപ്പിച്ചത് അനുസരിച്ച് സ്കൂളിലെത്തിയ തങ്ങളോട് മകന് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നാണ് സാറ് ആദ്യം ചോദിച്ചത്. സഹോദരനായ ഇന്ദ്രജിത്തും ആ സ്കൂളിൽ തന്നെ ആയിരുന്നു പഠിച്ചിരുന്നത്. കവിതയിൽ പ്രതിഫലിച്ചത് ഇരുവരുടെയും മനസിലുള്ള വിഷമമാണോ എന്നായിരുന്നു അവരുടെ സംശയം. എന്നാൽ, അങ്ങനെയല്ലെന്നും പൃഥ്വിരാജിന്റെ എഴുത്ത് അങ്ങനെ ആയിരുന്നെന്ന് ആയിരുന്നു സുകുമാരൻ അന്ന് നൽകിയ മറുപടിയെന്നും മല്ലിക ഓർത്തെടുത്തു. മറ്റുള്ളവർ ചിന്തിക്കുന്നതിനും അപ്പുറമായിരുന്നു അന്നേ പൃഥ്വി ചിന്തിച്ചിരുന്നതെന്നും എഴുതിയിരുന്നതെന്നും മല്ലിക കൂട്ടിച്ചേർത്തു.