നാടൻ പാട്ടുകളിലും ഐതിഹ്യങ്ങളിലും നിറഞ്ഞു നിൽക്കുന്ന മലയാള നാടിന്റെ പകരം വെക്കാനില്ലാത്ത നിരവധി കഥകളുണ്ട്. യാഥാർഥ്യത്തിനൊപ്പം ചിലതിലെല്ലാം ഭാവന കൂടി ഒത്തു ചേർന്നപ്പോൾ ആ കഥകൾ മലയാളിക്ക് എന്നും പ്രിയപ്പെട്ടതും അഭിമാനം പകരുന്നതുമായി തീർന്നിട്ടുമുണ്ട്. അത്തരത്തിൽ യാഥാർഥ്യത്തോട് ഏറെ ചേർന്ന് നിൽക്കുന്ന മാമാങ്കമഹോത്സവതിന് ഭാവനയുടെ അഴകും കൂടി ചേർത്ത് എം പദ്മകുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് നിർമാണം.
കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു. ഈ ഒരു ചരിത്രമാണ് മാമാങ്കത്തിലൂടെ പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഒന്നുകിൽ കൊല്ലുക, അല്ലെങ്കിൽ ചാവുക എന്ന മനസ്സോടെ സാമൂതിരിക്കു എതിരെ പട നയിച്ച ചാവേറുകളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന വലിയമ്മാമ എന്ന യോദ്ധാവ്, ഉണ്ണി മുകുന്ദന്റെ ചന്ദ്രോത് പണിക്കർ, മാസ്റ്റർ അച്യുതന്റെ ചന്തുണ്ണി എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. പ്രകടനം വെച്ച് നോക്കുമ്പോൾ മൂന്നു പേരും ഒരേ പോലെ കളം നിറഞ്ഞാടുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. സിദ്ദിഖിന്റെ തലചേകവരുടെ കഥാപാത്രവും മികച്ചു നിൽക്കുന്നുണ്ട്. തീയറ്റർ കാഴ്ച്ചയിൽ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ചിത്രം തിരക്കഥയിലും അവതരണ രീതിയിലും ചെറിയൊരു കല്ലുകടി തീർത്തു എന്നതാണ് പിന്നോട്ട് വലിക്കുന്ന ഒരു വസ്തുത.
കാഴ്ചയിലും പ്രേക്ഷകർക്ക് മനോഹരമായ വിരുന്ന് തന്നെയാണ് മാമാങ്കം. സാങ്കേതിക തികവ് കൊണ്ടും അവതരണ മികവ് കൊണ്ടും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്ന മാമാങ്കം മലയാള സിനിമയുടെ മുന്നോട്ടുള്ള വളർച്ചയിൽ നിർണ്ണായകമാവും എന്നുറപ്പാണ്. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച പ്രാചി ടെഹ്ലനും അനു സിത്താരയും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു എന്ന് സംശയമില്ലാതെ പറയാം . മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സുദേവ് നായർ, ജയൻ ചേർത്തല, സിദ്ദിഖ്, ഇനിയ, കനിഹ, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്ണ, ഇടവേള ബബ്ബ്, മണികണ്ഠൻ ആചാരി, മണിക്കുട്ടൻ, സുനിൽ സുഗത, മേഘനാദൻ , തരുൺ അറോറ, വത്സല മേനോൻ, എന്നിവരും തങ്ങളുടെ ഭാഗങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. എം ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങളും മികച്ചു നിൽക്കുന്നുണ്ട്. സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും തങ്ങളുടെ പശ്ചാത്തല സംഗീതത്തിലൂടെ പ്രേക്ഷകനെ ചിത്രവുമായി കൂടുതൽ അടുപ്പിക്കുന്നു. മനോജ് പിള്ളൈയുടെ കാമറ കണ്ണുകളും മാമാങ്കത്തറയിലേക്ക് മലയാളികളെ കൊണ്ട് പോയിട്ടുണ്ട്. മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു വിസ്മയം തന്നെയാണ് മാമാങ്കം എന്നുറപ്പ്.