തിയറ്ററുകളിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് മാറുന്ന ചിത്രമല്ല ക്രിസ്റ്റഫർ എന്ന് മമ്മൂട്ടി. ആദ്യദിവസത്തിന് ശേഷവും ചിത്രം തിയറ്ററുകളിൽ തന്നെ കാണുമെന്നും ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫർ. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റെ കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ക്രിസ്റ്റഫർ എത്തുന്നത്.
ക്രിസ്റ്റഫറിൽ DPCAW എന്ന അന്വേഷണ ഏജൻസിയുടെ തലവനായ ക്രിസ്റ്റഫർ എന്ന ടൈറ്റിൽ കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഇൻവസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രമെത്തുന്നത്. ലുലു മാളിൽ സിനിമയുടെ പ്രമോഷന് എത്തിയ മമ്മൂട്ടി ഈ സിനിമ ആദ്യദിവസം കാണണം എന്ന് താൻ നിർബന്ധം പിടിക്കുന്നില്ലെന്നും, കാരണം ആദ്യ ദിവസത്തിനു ശേഷവും ഈ സിനിമ തിയേറ്ററുകളിൽ കാണുമെന്നും പറഞ്ഞു. ക്രിസ്റ്റഫർ നിങ്ങളെ സംതൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും. തന്റെ പൊലീസ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ചെയ്യാൻ ഈ സിനിമയിൽ താൻ ശ്രമിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
തമിഴ് താരങ്ങളായ വിനയ് റായിയും ശരത് കുമാറും മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായിയുടെ ആദ്യ മലയാള ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. സ്നേഹയും അമല പോളും, ഐശ്വര്യ ലക്ഷ്മിയും ആണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആറാട്ട് എന്ന ചിത്രത്തിന് ശേഷം ഉദയ്കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം വരുന്ന പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. ഓപ്പറേഷൻ ജാവയിലൂടെ ശ്രദ്ധേയനായ ഫൈസ് സിദ്ദിഖ് ആണ് ക്യാമറചലിപ്പിക്കുന്നത്.