മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്നു. ടർബോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിജയദശമി ദിനത്തിൽ ആരംഭിച്ചു. വിജയദശമി ദിനത്തിൽ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാണ് വൈശാഖ് ഇക്കാര്യം അറിയിച്ചത്. മധുരരാജയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. മമ്മൂട്ടി കമ്പനി അഞ്ചാമതായി നിർമിക്കുന്ന ചിത്രം കൂടിയാണ് ടർബോ.
സോഷ്യൽ മീഡിയയിൽ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് കുറിച്ച കുറിപ്പിൽ അടുത്ത 100 ദിവസം തനിക്ക് അൽപം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് വൈശാഖ് വ്യക്തമാക്കി. വളരെ രസകരമായിട്ട് ആയിരുന്നു വൈശാഖിന്റെ കുറിപ്പ്. ‘അടുത്ത 100 ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞതാണ്. എന്റെ ആദ്യസിനിമ പോലെ തോന്നുന്നു. ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുകയാണ്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും വേണം. ഈ സിനിമ യാഥാർത്ഥ്യമാക്കിയതിന് പ്രിയ ഷമീർ മുഹമ്മദിന് നന്ദി അറിയിക്കുകയാണ്. പ്രിയപ്പെട്ട നിങ്ങൾ നൽകുന്ന പിന്തുണയും കരുത്തും അഭിനന്ദനാർഹമാണ്. മനോഹരമായ തിരക്കഥ ഒരുക്കിയ മിഥുൻ മാനുവൽ തോമസിന് നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി ഒരിക്കൽ കൂടി എന്നെ വിശ്വസിച്ച പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ഒരായിരം നന്ദി. ഇക്കാലമത്രയും എന്നോടൊപ്പം നിന്ന എല്ലാവരോടുമുള്ള നന്ദിയോടെ ഈ ടൈറ്റിൽ പോസ്റ്റർ സമർപ്പിക്കുന്നു’ – ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് വൈശാഖ് കുറിച്ചു.
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. വിഷ്ണു ശർമ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. 2021ല് സ്ഥാപിതമായ മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൗസ് ആയ മമ്മൂട്ടി കമ്പനി റോഷാക്, നന്പകല് നേരത്ത് മയക്കം, കണ്ണൂര് സ്ക്വാഡ്, റിലീസാകാനിരിക്കുന്ന കാതല് എന്നീ ചിത്രങ്ങളാണ് ഇതുവരെ നിർമിച്ചത്. മമ്മൂട്ടി കമ്പനി അഞ്ചാമതായി നിർമിക്കുന്ന ചിത്രമാണ് ടർബോ.