നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം ജൂണില്‍ ആരംഭിക്കും. ജൂണ്‍ പതിനഞ്ചിന് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രമാണിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
മമ്മൂട്ടിയെ വച്ച് ത്രില്ലറാണ് ഉണ്ണികൃഷ്ണന് ഒരുക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മഞ്ജു വാര്യരാകും ചിത്രത്തില്‍ നായികയെന്നും ബിജു മേനോന്, സിദ്ദിഖ് എന്നിവര്‍ നിര്‍ണായക വേഷത്തിലെത്തുമെന്നും സൂചനകളുണ്ടായിരുന്നു. ബംഗളൂരുവിലായിരിക്കും ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള അന്വേഷണ കഥയായിരിക്കും ചിത്രം പറയുകയെന്നാണ് വിവരം.
മോഹന്‍ലാലിനെ നായകനാക്കി ആറാട്ടാണ് ബി ഉണ്ണികൃഷ്ണന് ഒരുക്കിയ അവസാന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ഇതിനകം അഞ്ചോളം സിനിമകള്‍ ഉണ്ണികൃഷ്ണന് ഒരുക്കിയിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണന് ചിത്രങ്ങളില്‍ മമ്മൂട്ടി സാന്നിധ്യം കുറവാണ്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നതെന്നതും ശ്രദ്ധേയമാണ്.