കൊച്ചിക്കാരെ ബുദ്ധിമുട്ടിലാക്കിയ ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മമ്മൂട്ടി ബ്രഹ്മപുരം വിഷയത്തിൽ വേണ്ടത് ശാശ്വതമായ പരിഹാരമാണെന്നും പറഞ്ഞു. ബ്രഹ്മപുരത്ത് നിന്നുള്ള പുക തനിക്ക് ചുമയ്ക്കും ശ്വാസം മുട്ടലിനും കാരണമായിയെന്നും മമ്മൂട്ടി പറഞ്ഞു.
ഷൂട്ടിങ്ങിനായി പുനെയിൽ ആയിരുന്ന മമ്മൂട്ടി കഴിഞ്ഞദിവസമാണ് കൊച്ചിയിൽ എത്തിയത്. ‘വീട്ടിലെത്തിയതു മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസം മുട്ടലായി. കഴിഞ്ഞദിവസം ഷൂട്ടിങ്ങിനു വയനാട്ടിൽ എത്തി. ഇപ്പോഴും ശ്വാസം മുട്ടലുണ്ട്. പലരോടും സംസാരിച്ചപ്പോൾ വീടു വിട്ട് മാറി നിൽക്കുകയാണെന്നും നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെയാണ് പറഞ്ഞത്’ – മനോരമയോട് മമ്മൂട്ടി പറഞ്ഞു.
പ്രശ്നം കൊച്ചിയിലും പരിസരത്തും മാത്രമല്ലെന്നും സമീപജില്ലകൾ പിന്നിട്ട് ഇത് വ്യാപിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു. വലിയ അരക്ഷിതാവസ്ഥയാണ് ഇതെന്നും താരം വ്യക്തമാക്കി. ബ്രഹ്മപുരം പ്രശ്നം പരിഹരിക്കേണ്ട ചുമതല ഭരണകർത്താക്കൾക്കുണ്ട്. അതിനുള്ള സംവിധാനം ഇവിടെ ഇല്ലെങ്കിൽ വിജയകരമായ നല്ല മാതൃകകളെ സ്വീകരിക്കണം. പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തിന് നമ്മുടെ ഉത്തരവാദിത്തം നമ്മളും ചെയ്യണമെന്നും പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിർത്തണമെന്നും മമ്മൂട്ടി പറഞ്ഞു. ജൈവ മാലിന്യങ്ങൾ വേറിട്ട് സംഭരിച്ച് സംസ്കരിക്കുകയോ ഉറവിട സംസ്കരണരീതി ഫലപ്രദമാക്കുകയോ ചെയ്യണമെന്നും മമ്മൂട്ടി പറഞ്ഞു.