മികച്ച ചിത്രങ്ങള്‍ നിര്‍മിച്ച് ചുരുങ്ങിയ സമയംകൊണ്ട് ശ്രദ്ധ നേടി മമ്മൂട്ടി കമ്പനി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിച്ച ചിത്രം. തുടര്‍ന്ന് റോഷാക്ക്, കാതല്‍, കണ്ണൂര്‍ സ്ക്വാഡ് തുടങ്ങിയ ചിത്രങ്ങളും നിര്‍മിച്ചു. ഇപ്പോഴിതാ മമ്മൂട്ടി കമ്പനിയുടെ ലോഗോ പിന്‍വലിച്ചിരിക്കുകയാണ്. ലോഗോ ഡിസൈനിന്റെ മൗലികതയെക്കുറിച്ച് സംശയം പങ്കുവച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ലോഗോ പിന്‍വലിച്ചത്. തങ്ങളുടെ ലോഗോ റീ ബ്രാന്‍ഡിംഗിലൂടെ കടന്നുപോകുമെന്ന് മമ്മൂട്ടി കമ്പനി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു
‘കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നിലകൊള്ളുകയെന്ന വിശാല ലക്ഷ്യത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ ഒരു റീ-ബ്രാന്‍ഡിംഗിലൂടെ കടന്നുപോകും. ഞങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ച മനപൂര്‍വ്വമല്ലാത്ത ഒരു അശ്രദ്ധയെ ശ്രദ്ധയില്‍ പെടുത്തിയവര്‍ക്ക് വലിയ നന്ദി’- ലോഗോ പിന്‍വലിച്ചുകൊണ്ടുള്ള കുറിപ്പില്‍ മമ്മൂട്ടി കമ്പനി അറിയിച്ചു.
എം3ഡിബി ഗ്രൂപ്പില്‍ ജോസ്മോന് വാഴയില്‍ എന്ന അംഗം ഇട്ട പോസ്റ്റ് ആണ് മമ്മൂട്ടി കമ്പനിയുടെ തീരുമാനത്തിന് വഴിവച്ചത്. ഏതോ ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ മമ്മൂട്ടി കമ്പനി എന്ന പേര് ആഡ് ചെയ്യുക മാത്രമാണ് പ്രസ്തുത ലോഗോയില്‍ ചെയ്തിട്ടുള്ളതെന്നായിരുന്നു ജോസ്മോന്റെ നിരീക്ഷണം. സമാനമായ മറ്റു ചില ഡിസൈനുകള്‍ പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്.
ജോസ്മോന് വാഴയിലിന്റെ പോസ്റ്റ്
ഷട്ടര്‍സ്റ്റോക്, ഗെറ്റി ഇമേജ്സ്, ഐസ്റ്റോക് ഫോട്ടോസ് തുടങ്ങി ഒരുപാട് ഇമേജ് ബാങ്കുകളില്‍ ഒന്നാണ് ഫ്രീപിക് എന്ന വെബ്സൈറ്റും. നമ്മുക്ക് ആവശ്യമായിട്ടുള്ള ചിത്രങ്ങള്‍, ഇല്ലുസ്ട്രേഷനുകള്‍, ലോഗോകള്‍, ഐക്കണുകള്‍ ഇവയൊക്കെ പ്രസ്തുത സൈറ്റുകളില്‍ നിന്നും നമുക്ക് വാങ്ങാനാവും. ചുരുക്കം ചിലതില്‍ കുറച്ചൊക്കെ ഫ്രീ ആയിട്ടും ലഭിക്കും. മുകളില്‍ പറഞ്ഞതില്‍ ‘ഫ്രീപിക്’ എന്ന സൈറ്റില്‍ ഇങ്ങനെ കുറെ ഐറ്റംസ് ഫ്രീ ആയിട്ട് ലഭ്യമാകുന്നു എന്നത് എന്നെപ്പോലെയുള്ള ഡിസൈനേഴ്സിന് സഹായം തന്നെയാണ്. എന്നാല്‍ ലോഗോ / എംബ്ലം ഒക്കെ ഡയറക്ട് അവിടെ നിന്ന് എടുത്ത് ആവശ്യക്കാരന്റെ പേരിട്ട് അതേപടി കോപ്പി പേസ്റ്റ് ചെയ്യുന്ന പരിപാടി അത്ര സുഖമുള്ള കാര്യമല്ല. അതില്‍ ആവശ്യമായ മാറ്റം വരുത്തിയോ അല്ലെങ്കില്‍ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തന്റേതായ രീതിയില്‍ ക്രിയേറ്റിവിറ്റി ഇട്ടോ ആണ് കസ്റ്റമര്‍ക്ക് കൊടുക്കുക. അല്ലാത്ത പക്ഷം നമ്മള് അതേപടീ എടുക്കുന്ന ലോഗോ വേറെ പലരും പലയിടത്തും പല പേരുകളില്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം.
അതിന്റെ ഉത്തമ ഉദാഹരണമാണ് ‘മമ്മൂട്ടി കമ്പനി’യുടെ ഈ ലോഗോ. ഫ്രീപിക് / വെക്റ്റര്‍സ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി എന്നീ സൈറ്റുകളില്‍ ഏതിലെങ്കിലും നിന്ന് എടുത്ത ക്രിയേറ്റീവിന്റെ ഉള്ളില്‍ ജസ്റ്റ് മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി…. ലോഗോ റെഡി. പക്ഷെ മലയാളത്തില്‍ തന്നെ അതേ ഡിസൈന്‍ ഇതിന് മുന്‍പ് ഉപയോഗിച്ചതായി കാണാം. 2021 ല്‍ ഡോ. ടമിഴലലവേമ ഇവലിമാുൗഹഹശ എഴുതിയ ‘മങ്ങിയും തെളിഞ്ഞും – ചില സിനിമാ കാഴ്ച്ചകള്‍’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈന്‍ തന്നെയാണ്. (ഇരുപത്തഞ്ചോളം ലോക സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങള്‍ ആണ് ഈ പുസ്തകത്തില്‍.)
ഇത് മാത്രമല്ലാ, ഗൂഗിളില്‍ ജസ്റ്റ് ഒന്ന് റിവേഴ്സ് സെര്‍ച്ച് ചെയ്താല്‍ ഇതേ ഡിസൈന്‍ തന്നെ അനേകം പേര് ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതൊന്നും ഒരു തെറ്റല്ലാ… പക്ഷെ…,
നമ്മടെ സ്വന്തം മമ്മൂക്കയുടെ ‘മമ്മൂട്ടി കമ്പനി’ എന്ന റെപ്യൂട്ടഡ് പ്രൊഡക്ഷന്‍ ഹൗസിന്റെ ഐഡന്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡന്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരം. അങ്ങനെ എങ്ങനെ സംഭവിച്ചു എന്ന സംശയവും. സുഹൃത്ത് ഘമഴലല േഖീവി മായി ഇതിനേക്കുറിച്ച് നേരത്തേയും ചര്‍ച്ചകള്‍ ചെയ്തിട്ടുണ്ടെങ്കിലും, ഇന്ന് ലജീത് ഈ പുസ്തകം കാണിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതാമെന്ന് വച്ചത്. താങ്ക്സ് ലജീത്.