മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്ക്വാഡ്’ സെപ്തംബർ 28ന് തിയറ്ററുകളിലേക്ക് എത്തുവാൻ തയ്യാറായിരിക്കുകയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലാമത്തെ ചിത്രമായ കണ്ണൂർ സ്ക്വാഡിനായുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പലയിടങ്ങളിലും മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്. എ എസ് ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിൽ എത്തുന്നത്. റോബി വർഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെൻസറിങ്ങ് പൂർത്തിയായ സിനിമയ്ക്ക് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഷാഫിയുടെ കഥക്ക് ഡോക്ടർ റോണിയും ഷാഫിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സംവിധായകൻ റോബി രാജിന്റെ ആദ്യചിത്രം കൂടിയാണ് ഇത്. ഗ്രേറ്റ് ഫാദർ, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്നു റോബി രാജ്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്.
എസ് ജോർജാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. നടൻ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുഹമ്മദ് റാഹിൽ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാമും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേയർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം നിർവഹിക്കുന്നത്. പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളായിരുന്നു ചിത്രം പ്രധാനമായും ചിത്രീകരിച്ചത്.