പുതുവർഷത്തിലെ ആദ്യ ഹിറ്റ് സ്വന്തമാക്കി നടൻ ജയറാം. ഒപ്പം നടൻ മമ്മൂട്ടി കൂടി ചേർന്നപ്പോൾ ചിത്രം സൂപ്പർ ഹിറ്റിലേക്കുള്ള പ്രയാണത്തിലാണ്. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ചിത്രം ഈ വർഷത്തെ ആദ്യ മെഗാഹിറ്റ് ആയിരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. റിലീസ് ചെയ്ത് ആദ്യ രണ്ടു ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ നേടിയത് 10 കോടി രൂപയാണ്. ആദ്യഷോ കഴിഞ്ഞതു മുതൽ ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. റിലീസ് ചെയ്ത അന്നേദിവസം 150ൽ അധികം ഷോകൾ ആയിരുന്നു നടന്നത്.
കേരളത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിലും മികച്ച കളക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത്. വിവിധ ട്രേഡ് ഗ്രൂപ്പുകളുടെയും അനലിസ്റ്റുകളുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യദിനം ഓസ് ലെർ നേടിയത് ഏകദേശം ആറുകോടി രൂപ അടുപ്പിച്ചാണ്. ജനുവരി 11ന് ആയിരുന്നു ഓസ് ലെർ തിയറ്ററുകളിലേക്ക് എത്തിയത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഡോ. രൺധീർ കൃഷ്ണയാണ്.
ദിലീഷ് പോത്തൻ, അർജുൻ അശോകൻ, അനശ്വര രാജൻ, ജഗദീഷ്, സായ് കുമാർ തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഇര്‍ഷാദ് എം ഹസനും മിഥുന് മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നന്‍പകല്‍ നേരത്ത് മയക്കമുള്‍പ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വര്‍ ആണ്. സംഗീതം മിഥുന് മുകുന്ദന്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്.