പേരിലെ കൗതുകം കൊണ്ടു തന്നെ സിനിമയുടെ പ്രഖ്യാപനം മുതൽ ഏറ്റവുമധികം ശ്രദ്ധ നേടുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡിനോ ഡെന്നീസ് ആണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനായ ഡിനോ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടി വളരെ സ്റ്റൈലിഷ് ലുക്കിൽ ആയിരിക്കും ചിത്രത്തിൽ എത്തുകയെന്ന് വ്യക്തമായി കഴിഞ്ഞു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞദിവസം റിലീസ് ചെയ്തു. പോസ്റ്ററിൽ കൂളിംഗ് ഗ്ലാസ് ഒക്കെ ധരിച്ച് സ്റ്റൈലൻ ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
മുടി നീട്ടി വളർത്തി ഒരു കൂളിംഗ് ഗ്ലാസ് ധരിച്ച് ഒരു വണ്ടിക്ക് മുന്നിൽ നിൽക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. താടി ലുക്കിലാണ് മമ്മൂട്ടി ഇതിൽ. മമ്മൂട്ടിക്ക് ഒപ്പം ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. 2024ലാണ് ബസൂക്ക റിലീസ്. ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദിൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യാ പിള്ള തുടങ്ങിയവരും പ്രധാന വേഷത്തില്‍ ചിത്രത്തിൽ എത്തുന്നു.
ക്രൈം ഡ്രാമ ജോണറില്‍ ആണ് ബസൂക്ക ഒരുക്കിയിരിക്കുന്നത്. നിമേഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരും ചേര്‍ന്നാണ്. മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം കാതൽ ആണ്. ജ്യോതിക നായിക ആകുന്ന ചിത്രം നവംബര്‍ 23ന് തിയറ്ററുകളില്‍ എത്തും.