ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ 5 ദി ബ്രയിന്‍. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
നാളെ രാത്രി 8.30 നും 9 നും ഇടയിലാണ് ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത്. ദുബായിലുള്ളവര്‍ക്ക് ലൈറ്റ് അപ്പ് പ്രമോയ്ക്ക് സാക്ഷിയാകാമെന്നും ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷം ഉണ്ടെന്നും മമ്മൂട്ടി ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ കുറുപ്പായിരുന്നു.
കെ. മധു-എസ്.എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐയുടെ അഞ്ചാം ഭാഗമാണ് സിബിഐ 5 ദി ബ്രയിന്‍. ആദ്യ ഭാഗമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ റിലീസ് ചെയ്ത് 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഞ്ചാം ഭാഗം റിലീസ് ചെയ്യുന്നത്. ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ, തുടങ്ങിയവയായിരുന്നു മറ്റ് മൂന്ന് ഭാഗങ്ങള്‍. സ്വര്‍ഗചിത്ര അപ്പച്ചനാണ് സിബിഐ 5 ദി ബ്രയിന്റെ നിര്‍മാണം. അപടകത്തിന് ശേഷം ദീര്‍ഘകാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്.