ആരും ചെയ്യാൻ മടിക്കുന്നൊരു പരീക്ഷണം സധൈര്യം ഏറ്റെടുത്ത് മുന്നോട്ടു വന്നതിന് നടൻ മമ്മൂട്ടിക്ക് ഒരു ബിഗ് സല്യൂട്ട്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന നടനെന്ന് അക്ഷരം തെറ്റാതെ വിളിക്കാം. കാരണം, ജിയോ ബേബി സംവിധാനം ചെയ്ത കാതൽ കണ്ടിറങ്ങുമ്പോൾ മഹാനടനം കണ്ടിറങ്ങുകയാണ് ഓരോ പ്രേക്ഷകനും. ജിയോ ബേബി എന്ന സംവിധായകന്റെ കൈകളിൽ മാത്യു ദേവസിയും ഓമനയും ഭദ്രമായിരുന്നു. ഇത് സംവിധായകന്റെ സിനിമയാണ്. അതുപോലെ തന്നെ ഇത് മമ്മൂട്ടിയുടെയും ജ്യോതികയുടെയും സിനിമയാണ്. തൊട്ടാൽ പൊള്ളുന്ന ഒരു വിഷയം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാൻ അഭിനേതാവായും നിർമാതാവായും മമ്മൂട്ടി നിലകൊണ്ടത് തന്നെയാണ് ഒരു നടനെന്ന നിലയിൽ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
ഒരു ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സിനിമ ആരംഭിക്കുന്നത്. സഹകരണ ബാങ്ക് മുൻ മാനേജരായ മാത്യൂസ് മൂന്നാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാൻ എത്തുന്നിടത്താണ് സിനിമയുടെ തുടക്കം. എല്ലാവർക്കും പ്രിയങ്കരനായ മാത്യൂസ് സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നയാളാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ, ഇതിനിടയിൽ ഭാര്യ ഓമന മാത്യൂസിൽ നിന്ന് വിവാഹമോചനത്തിന് കേസ് നൽകിയിരിക്കുകയാണ്. അതിനുള്ള കാരണമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടു പോകുന്നത്.
ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സാലു കെ തോമസാണ് ഛായാഗ്രാഹകൻ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. വർഷങ്ങളുടെ ഇടവേളക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് തെന്നിന്ത്യൻ താരം ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിലായി അഭിനയിച്ച മലയാള ചിത്രം. ചിത്രസംയോജനം: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ഗാനരചന: അൻവർ അലി, ജാക്വിലിൻ മാത്യു, കലാസംവിധാനം: ഷാജി നടുവിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ്. ജോർജ്, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ: ടോണി ബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പിആർഒ: ശബരി.