റിലീസ് ചെയ്ത് പിറ്റേദിവസം തന്നെ സ്ക്രീനുകളുടെ എണ്ണം വർദ്ധിപ്പിച്ചാണ് കണ്ണൂർ സ്ക്വാഡ് പവറ് കാണിച്ചത്. നാല് ദിവസം കഴിഞ്ഞപ്പോഴേക്കും തിയറ്ററുകളുടെ എണ്ണം ഇരട്ടിയാക്കി. ഇപ്പോൾ ഇതാ റിലീസ് ചെയ്ത് ഒമ്പതാം ദിവസം അമ്പതു കോടി ക്ലബിൽ ഇടം കണ്ടെത്തിയിരിക്കുകയാണ് ചിത്രം. ആഗോള ബോക്സ് ഓഫീസിലാണ് ചിത്രം അമ്പതു കോടി കളക്ഷൻ എന്ന നേട്ടം കരസ്ഥമാക്കിയത്. കണ്ണൂർ സ്ക്വാഡിന് ശേഷം വേറെയും ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തിയെങ്കിലും പ്രേക്ഷകരുടെ നമ്പർ 1 ചോയ്സ് ആയി കണ്ണൂർ സ്ക്വാഡ് തുടരുകയാണ്. ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ 50 കോടി ക്ലബിൽ ഇടം പിടിക്കാൻ കഴിഞ്ഞ ചുരുക്കം ചില ചിത്രങ്ങളുടെ പട്ടികയിലേക്ക് കണ്ണൂർ സ്ക്വാഡും എത്തിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രം ചിത്രം സ്വന്തമാക്കിയത് 25 കോടിയാണ്. ഛായാഗ്രാഹകൻ ആയിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. ഷാഫിയുടെ കഥയ്ക്ക് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥ രചിച്ചത്.
കണ്ണൂർ സ്ക്വാഡിന് ആദ്യദിവസം തന്നെ മികച്ച പ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. വലിയ ഹൈപ്പില്ലാതെ എത്തിയിട്ടും ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയ ചിത്രത്തിന് ആദ്യദിവസം ലഭിച്ച കളക്ഷൻ മികച്ചതായിരുന്നു. മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കുറ്റാന്വേഷണചിത്രമായാണ് കണ്ണൂർ സ്ക്വാഡ് ഒരുക്കിയിരിക്കുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്.
സംവിധായകൻ റോബി രാജിന്റെ ആദ്യചിത്രം കൂടിയാണ് ഇത്. ഗ്രേറ്റ് ഫാദർ, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയിരുന്നു റോബി രാജ്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. എസ് ജോർജാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. നടൻ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുഹമ്മദ് റാഹിൽ ആണ് ഛായാഗ്രഹണം. ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാമും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേയർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം നിർവഹിക്കുന്നത്. പാലാ, കൊച്ചി, കണ്ണൂർ, വയനാട്,അതിരപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ.