സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ ആയിരുന്നു മമ്മൂട്ടിയുടെ ‘റോഷാക്ക്’ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്ററിനായി കാത്തിരുന്നത്. റോഷാക്ക് സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത് ഒരു ദിവസത്തിനുള്ളിൽ 215 K ട്വീറ്റുകളാണ് ട്വിറ്ററിൽ രേഖപ്പെടുത്തിയത്. മലയാള സിനിമയിലെ സെക്കൻഡ് ലുക്ക് പോസ്റ്ററിന് കിട്ടുന്ന ആദ്യത്തെ സ്വീകാര്യത റോഷാക്ക് സ്വന്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ സിനിമാ നിരൂപകരും ചലച്ചിത്ര പ്രവർത്തകരും വലിയ പ്രശംസയാണ് റോഷാക്കിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റിന് നൽകിയത്. സോഷ്യൽ മീഡിയയിലും സെക്കൻഡ് ലുക്ക് പോസ്റ്റർ തരംഗമായി മാറി.
ദുരൂഹത ഉണർത്തിയെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെ തന്നെ സെക്കൻഡ് ലുക്ക് പോസ്റ്ററും ആകാംക്ഷയും ഭയവും നിറയ്ക്കുന്നതാണ്. മനുഷ്യ മുഖമുള്ള പാറ, പാറക്കെട്ടുകൾക്കു മുകളിൽ ചുവന്ന ഷർട്ടും കറുത്ത പാന്റും ഷൂസും ധരിച്ചു കിടക്കുന്ന മമ്മൂട്ടിയെ ആണ് കാണാൻ കഴിയുക. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന രീതിയിൽ പുറത്തിറങ്ങിയ പോസ്റ്ററിൽ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്നു എന്ന് പ്രേക്ഷകർക്ക് വ്യക്തം. കെട്ട്യോളാണ് എന്റെ മാലാഖ സിനിമയുടെ വൻ വിജയത്തിന് ശേഷം നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതിയിൽ ഔദ്യോഗികമായ അറിയിപ്പുകൾ ഉടൻ ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചു.വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൊജക്റ്റ് ഡിസൈനർ – ബാദുഷ, ചിത്രസംയോജനം – കിരൺ ദാസ്, സംഗീതം – മിഥുൻ മുകുന്ദൻ, കലാസംവിധാനം – ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, ചമയം – റോണക്സ് സേവ്യർ & എസ്സ് ജോർജ്, വസ്ത്രാലങ്കാരം – സമീറ സനീഷ് എന്നിവരാണ് അണിയറപ്രവർത്തകർ. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, വിഷ്ണുസുഗതൻ. പി ആർ ഓ പ്രതീഷ് ശേഖർ.