കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് പിറന്നാൾ. അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. കൊച്ചിയിൽ ഉമ്മൻ ചാണ്ടി താമസിക്കുന്നിടത്ത് എത്തിയാണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. നിർമാതാക്കളായ ആന്റോ ജോസഫും ജോർജും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. ഏറെ സമയം ഉമ്മൻ ചാണ്ടിക്കും കുടുംബത്തിനും ഒപ്പം കുശലാന്വേഷണം നടത്തിയും വിശേഷങ്ങൾ പറഞ്ഞും മമ്മൂട്ടി ചെലവഴിച്ചു.
ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേരാനാണ് താൻ നേരിട്ട് എത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മലയാളത്തിന്റെ പ്രിയനടൻ അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു.
തന്റെ എഴുപത്തൊൻപതാം പിറന്നാളാണ് ഉമ്മൻ ചാണ്ടി ഇന്ന് ആഘോഷിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമാണ് ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ ആഘോഷം. ഒപ്പം ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരും ഉണ്ട്.