മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ റോഷാക്കിന് ഗംഭീര വരവേല്‍പ്പ്. മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ലൂക്ക് ആന്റണിയായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ പ്ലോട്ട് ഗംഭീരമെന്നാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പലരും അഭിപ്രായപ്പെട്ടത്. പ്രേക്ഷകന് ചിന്തിക്കാനുള്ള സ്പേസ് നല്‍കിയാണ് ചിത്രത്തിന്റെ കഥ പറച്ചില്. ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിംഗിനും മികച്ച പ്രതികരണം ലഭിച്ചു കഴിഞ്ഞു. സംവിധായകന്റെ മേക്കിംഗ് മികവു കൊണ്ട് സാധാരണ ഒരു ത്രില്ലര്‍ ചിത്രമെന്ന ലേബലില്‍ റോഷാക്കിനെ തളയ്ക്കാന്‍ കഴിയില്ലെന്നും പലരും അഭിപ്രായപ്പെട്ടു.
സാധാരണ ഒരു റിവഞ്ച് സ്റ്റോറിയെ മലയാള സിനിമ ഇന്നോളം പറഞ്ഞുപോയിട്ടില്ലാത്ത തരത്തില്‍ അസാധാരണമായാണ് റോഷാക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. റോഷാക്കിനെ കൊറിയന്‍ സിനിമകളോട് താരതമ്യം ചെയ്തവരുമുണ്ട്. 71-ാം വയസിലും ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്ന മമ്മൂട്ടിയ്ക്കാണ് പ്രേക്ഷകരുടെ കൈയടി. സിനിമയിലെ പ്രധാന സര്‍പ്രൈസുകളില്‍ ഒന്ന് ബിന്ദു പണിക്കരുടെ അഭിനയമെന്നാണ് ചിലര്‍ പറയുന്നത്. ഞെട്ടിക്കുന്ന പ്രകടനമാണ് ബിന്ദു പണിക്കര്‍ കാഴ്ചവയ്ക്കുന്നതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. ജഗദീഷ്, കോട്ടയം നസീര്‍, ഷറഫുദ്ദീന്, ഗ്രേസ് ആന്റണി എന്നിവരും മികച്ചു നിന്നു. സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ നിലനില്‍ക്കുന്ന ദുരൂഹതയെ ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന ബിജിഎംമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മിച്ച ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന് മുകുന്ദന് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്, ചമയം റോണക്സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പിആര്‍ഒ പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.