സോഷ്യല്‍ മീഡിയയില്‍ നിറയെ ആരാധകരുള്ള വ്യക്തിയാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ലുക്കും ശബ്ദവും കൊണ്ട് ശ്രദ്ധ നേടുകയാണ് മമ്മൂട്ടിയുടെ സഹോദരീപുത്രന് അഷ്കര്‍ സൗദാന്‍. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’എന്ന ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഷ്കര്‍ സൗദാനാണ്. ചിത്രത്തിന്റെ പൂജാവേളയില്‍ അഷ്കന്റെ ഒരു വിഡിയോ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് വൈറലായതോടെ അഷ്കറിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മമ്മൂട്ടിയുടെ അതേ ലുക്കും ശബ്ദവുമാണ് അഷ്കറിനെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.
മമ്മൂട്ടിയോട് സാദൃശ്യപ്പെടുത്തുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്ന് അഷ്കര്‍ പറയുന്നു. ഡിഎന്‍എയില്‍ അഭിനയിക്കുന്നതിന് മുന്‍പ് അമ്മാവനെ പോയി കണ്ടിരുന്നു. അനുഗ്രഹം ചോദിച്ചു. അപ്പോള്‍ ഡിഎന്‍എയുടെ അര്‍ത്ഥമെന്താണെന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. ഒരു നിമിഷം താന്‍ പകച്ചുപോയി. എന്ത് പറയണമെന്ന് തനിക്ക് അറിയില്ലായിരുന്നു. ഡിഒാക്സിറൈബോന്യൂക്ലിക് ആസിഡ് എന്ന് അദ്ദേഹം പറഞ്ഞുതന്നു. അത് താന്‍ മരണം വരെയും മറക്കില്ലെന്നും അഷ്കര്‍ പറയുന്നു.
അമ്മാവന് അഭിനയിച്ച കോട്ടയം കുഞ്ഞച്ചന് വീട്ടില്‍ നിന്ന് ഒളിച്ചുപോയി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെ ഒരാള്‍ക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം ലഭിക്കുക എന്നത് ഭാഗ്യമാണെന്നും അഷ്കര്‍ കൂട്ടിച്ചേര്‍ത്തു.