മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി സിനിമയിലെത്തിയിട്ട് ഇന്ന് അമ്പതു വര്‍ഷം തികയുകയാണ്. മലയാള സിനിമാ ലോകം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഇന്നേ ദിവസം സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. 1971 ഇല് റിലീസ് ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി എത്തിയ മമ്മൂട്ടി പിന്നീട് ഒന്‍പതു വര്‍ഷത്തിനു ശേഷമാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് സഹനടന്‍ ആയും നായകന് ആയും തിളങ്ങിയ മമ്മൂട്ടി മലയാള സിനിമ കണ്ട വലിയ താരങ്ങളില്‍ ഒരാളായും മികച്ച നടന്മാരില് ഒരാളായും മാറി.
മികച്ച നടനുള്ള മൂന്നു ദേശീയ അവാര്‍ഡുകളും അഞ്ചു സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട് താരം. ഇപ്പോഴിതാ മമ്മൂട്ടി എന്ന നടന്റെ ജീവിതകഥ സിനിമയാക്കാന്‍ ഒരുങ്ങുകയാണ് പ്രശസ്ത സംവിധായകന് ജൂഡ് ആന്റണി ജോസഫ്. മമ്മൂട്ടിയുടെ ആത്മകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ തിരക്കഥയില്‍ യുവ താരം നിവിന്‍ പോളി ആണ് മമ്മൂട്ടിയായി എത്തുക. മമ്മൂട്ടി സമ്മതിച്ചാല്‍ അത് സിനിമയായി എത്തുമെന്നും ജൂഡ് ആന്റണി ജോസഫ് പറഞ്ഞു. അച്ഛന്റെ വേഷം മകന് അഭിനയിക്കുന്നതിനേക്കാള്‍ നല്ലതു വേറെ ഒരു നടന് ചെയ്യുന്നതാണ് എന്ന് തോന്നിയത് കൊണ്ടാണ് മമ്മൂട്ടിയുടെ വേഷം അഭിനയിക്കാന്‍ ദുല്‍ഖര്‍ സല്‍മാനെ സമീപിക്കാതിരുന്നതെന്ന് ജൂഡ് പറഞ്ഞു. കടുത്ത മമ്മൂട്ടി ഫാന്‍ ആയ നിവിന്‍ തന്നെയാണ് ഇത് സിനിമ ആക്കാന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ജൂഡ് വെളിപ്പെടുത്തി.
![jude.antony](https://i0.wp.com/cinemadaddy.com/wp-content/uploads/2021/03/jude.antony.jpg?resize=788%2C443&ssl=1)
നേരത്തേ നക്ഷത്രങ്ങളുടെ രാജകുമാരന് എന്ന ഹൃസ്വ ചിത്രം ജൂഡ് ആന്റണി ജോസഫ് ഒരുക്കിയിരുന്നു. തന്റെ ആദ്യ ചിത്രമായിരുന്ന ഓം ശാന്തി ഓശാനക്ക് മുന്‍പേ താന്‍ പ്ലാന്‍ ചെയ്ത ചിത്രമായിരുന്നു മമ്മൂട്ടിയുടെ ബയോപിക് എന്നും ജൂഡ് പറയുന്നു. സാറാസ് ആണ് ജൂഡിന്റെ അവസാനമിറങ്ങിയ ചിത്രം. 2403 ഫീറ്റ് എന്ന ചിത്രമാണ് അടുത്തതായി ജൂഡ് സംവിധാനം ചെയ്യുന്നത്. കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പണിപ്പുരയില്‍ ആണ്.