പണം വാരി പടങ്ങളുടെ പട്ടികയില്‍ മോഹന്‍ലാലിന്റെ ലൂസിഫറിനെ മറികടന്ന് മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം. നാല് ദിവസം കൊണ്ട് എട്ട് കോടിയിലധികം ഷെയര്‍ ഭീഷ്മപര്‍വ്വം നേടിയെന്ന് തീയറ്റര്‍ സംഘടനകളുടെ പ്രസിഡന്റ് വിജയകുമാര്‍ പറയുന്നു. മലയാള സിനിമാ ചരിത്രത്തില്‍ ഇത്തരമൊരു നേട്ടം ആദ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ആദ്യ നാല് ദിവസം കൊണ്ട് ഭീഷ്മപര്‍വ്വം 53 കോടി കളക്ഷന്‍ നേടിയതായാണ് ട്രാക്കര്‍മാരെ ഉദ്ധരിച്ചുള്ള അനൗദ്യോഗിക കണക്ക്. ആദ്യ ദിനം ചിത്രം മൂന്ന് കോടിക്ക് മുകളില്‍ കളക്ട് ചെയ്തിരുന്നു. 406 സ്ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്വ്വത്തിന് ഉണ്ടായിരുന്നത്. ഇപ്പോഴും എല്ലാ തീയറ്ററുകളും ഹൗസ് ഫുള്ളാണ്.
മാര്‍ച്ച് മൂന്നിനാണ് ഭീഷ്മപര്‍വ്വം റിലീസ് ചെയ്തത്. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കണ്ടത്. ആക്ഷനും പ്രണയവും ഡ്രാമയും സെന്റിമെന്‍സുമെല്ലാം ചേര്‍ന്ന ഒരു മുഴുനീള എന്റര്‍ടെയ്നറായ ഭീഷ്മപര്‍വ്വം വന്‍ വിജയത്തിലേക്കാണ് കുതിക്കുന്നത്.