മമ്മൂട്ടിയുടെ രാഷ്ട്രീയമാണ് അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിക്കാന്‍ തടസ്സമെന്ന് രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ്. മമ്മൂട്ടിക്ക് തന്റെ രാഷ്ട്രീയം തുറന്ന് പറയുവാന്‍ ഭയമില്ല. അത് തന്നെയാണ് പത്മഭൂഷണ്‍ ലഭിക്കാന്‍ തടസ്സമെന്ന് താന്‍ വിശ്വസിക്കുന്നതായി ജോണ്‍ ബ്രിട്ടാസ് പറയുന്നു. ഔട്ട്ലുക്കിലെഴുതിയ കുറിപ്പിലാണ് ജോണ്‍ ബ്രിട്ടാസ് ഇങ്ങനെ പറഞ്ഞത്.
‘തന്റെ രാഷ്ട്രീയം തുറന്നു പറയാന്‍ ഭയപ്പെട്ട വ്യക്തിയല്ല മമ്മൂട്ടി. രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തന്നെയാണ് അദ്ദേഹത്തിനും പത്മഭൂഷണും ഇടയില്‍ നില്‍ക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സൗഹൃദങ്ങള്‍ക്ക് ഇടയിലേക്ക് രാഷ്ട്രീയം കൊണ്ടുവരാന്‍ മമ്മൂട്ടി ശ്രമിക്കാറില്ല’, ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
മമ്മൂട്ടിക്ക് 1998ല്‍ രാജ്യം പത്മശ്രീ നല്‍കിയിരുന്നു. കേരള സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കിയിട്ടുണ്ട്. പുഴുവാണ് നിലവില്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. പാര്‍വതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഴുവിനുണ്ട്. ചിങ്ങം ഒന്നിന് എറണാകുളം ചോയിസ് സ്കൂളില്‍ നടന്ന ചടങ്ങിലായിരുന്നു ചിത്രത്തിന്റെ പൂജ. നവാഗതയായ റത്തീന ഷര്‍ഷാദാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്. സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മ്മാണം. ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും നിര്‍വ്വഹിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ്.