മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിബിഐ അഞ്ചാം ഭാഗം ചിത്രീകരിക്കുന്ന വേളയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെതുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇന്ന് പുറത്തു വന്ന പരിശോധനാ ഫലത്തില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ താരം വീട്ടില്‍ നിരീക്ഷണത്തിലാണ്. മമ്മൂട്ടി തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇത് അറിയിച്ചിരിക്കുകയാണ്. ചെറിയ പനിയുണ്ടെന്നതൊഴിച്ചാല് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും തനിക്കില്ലെന്നും എഴുപതുകാരനായ അദ്ദേഹം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. നിരവധി താരങ്ങളും ആരാധകരും അദ്ദേഹത്തിന് പെട്ടെന്ന് സുഖമാവട്ടെയെന്ന് ആശംസിച്ച് കമന്റുകളുമായി എത്തിയിട്ടുണ്ട്.
കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് കൃത്യമായ ജാഗ്രതയും കൊവിഡ് മുന്‍കരുതലുകളും താരം സ്വീകരിച്ചിരുന്നു. കൂടാതെ കൊവിഡ് ബോധവത്കരണത്തെ കുറിച്ചും താരം സംസാരിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലയളവില്‍ വീട്ടില്‍ തന്നെ ഇരുന്ന താരം ഏതാനും നാളുകള്‍ക്ക് മുന്‍പാണ് സിനിമയുടെ ചിത്രീകരണത്തിനും മറ്റും പുറത്തിറങ്ങി തുടങ്ങിയത്. അതിനിടയിലാണ് ഇപ്പോള്‍ സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്.
മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപര്വ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴു, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയായ മറ്റു ചിത്രങ്ങള്‍.