സോഷ്യല്‍ മീഡിയയില്‍ താരമാണ് നടന് മാമുക്കോയ. മനുവാര്യര്‍ ഒരുക്കിയ ചിത്രം ‘കുരുതി’യിലെ മാമുക്കോയയുടെ പ്രകടനത്തെ പുകഴ്ത്തുകയാണ് എല്ലാവരും. ചിത്രത്തിനെ രാഷ്ട്രീയപരമായി വിമര്‍ശിക്കുന്നവരും മാമുക്കോയയുടെ ‘മൂസ ഖാദര്‍’ മികച്ചു നിന്നെന്ന് അഭിപ്രായപ്പെടുന്നു. 75-കാരനായ മാമുക്കോയ അഭിനയത്തോട് കാണിക്കുന്ന അഭിനിവേശം കണ്ട് താന്‍ അതിശയപ്പെട്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ പൃഥ്വിരാജ് പറഞ്ഞത് വൈറലായിരുന്നു. ഇപ്പോഴിതാ 30 വര്‍ഷം മുന്‍പ് വനിതക്ക് നല്കിയ ഒരു അഭിമുഖം ശ്രദ്ധേയമാകുകയാണ്.
മാമുക്കോയ തന്റെ 26-ാം വയസില്‍ ആദ്യമായി പെണ്ണു കാണാന്‍ പോയതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുന്നതിങ്ങനെ. ‘ആദ്യം ഞാന്‍ പെണ്ണു കാണാന്‍ പോയതിനുമുണ്ട് ഒരു കഥ. പെണ്ണ് കണ്ടിഷ്ടപ്പെട്ടു വീട്ടില്‍ വന്നപ്പോള്‍, പെണ്ണിന്റെ കൂട്ടര് ഞാനറിയാതെ എന്നേക്കുറിച്ച് അന്വേഷിച്ചു. ചെറുക്കന് കള്ളു കുടിക്കുമോ? കൂട്ടുകൂടുമോ? ഞാനവരോട് പറഞ്ഞു. ‘ഞാന്‍ കഞ്ചാവടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു കുറ്റമായി ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ ഈ റൂട്ടില്‍ അന്വേഷിച്ചാല്‍ എന്നെ കിട്ടില്ല. നിങ്ങളുടെ മോളെ എനിക്കിഷ്ടമായി.’ ഇത്രയും കേട്ടതേ അവര്‍ ആലോചന മതിയാക്കി’. രണ്ടാമത് പെണ്ണു കണ്ട സുഹ്റാബിയെ വിവാഹം കഴിക്കുമ്പോള്‍ കല്യാണക്കുറിയടിക്കാന്‍ പോലും പണമില്ലായിരുന്നു. ആയിരം രൂപയുടെ കടം വീട്ടാന്‍ വേണ്ടി 5,400 രൂപയ്ക്ക് വീട് വില്‍ക്കേണ്ടി വന്നെന്നും മാമുക്കോയ പറയുന്നു.
തന്റെ മക്കളെ വളര്‍ത്തുന്നതിനെക്കുറിച്ചും താരം പറയുന്നുണ്ട്. ‘മുസ്ലീം സംസ്കാരം ഞാനവരെ പഠിപ്പിക്കുന്നുണ്ട്. അവര്‍ക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. മക്കള്‍ക്ക് നല്ല കമ്പനിയുണ്ടാകണം. ലോകത്തിന്റെ വിവിധ വശങ്ങള് അറിയണം. നേരത്തെ ഞാന്‍ അത്യാവശ്യം കഞ്ചാവ് വലിച്ചിട്ടുണ്ട്. ഇപ്പോള്‍ പുകവലിക്കാറില്ല. ലോകത്തില്‍ നിന്നും അകറ്റി മക്കളെ വീട്ടില്‍ തന്നെ അടക്കി നിര്‍ത്തുന്നത് മഹാമണ്ടത്തരമാണ്. അവന് മൂഢനായേ വളരൂ.’ സിനിമയിലേതുപോലെ ജീവിതത്തിലും തമാശക്കാരനാണോ എന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ, ”തമാശയോ? ഞാന്‍ വളരെ സീരിയസായി അഭിനയിക്കുകയാണ്. അതിന്റെ റിസല്‍റ്റ് കോമഡിയാണെന്ന് മാത്രം. അതല്ലേ നല്ല കോമഡി? ചിലപ്പോള്‍ വളരെ ലളിതമായ സംഭവമേ കാണൂ. അതു മതി. പക്ഷെ, ഞാന്‍ അടിമുടി ഗൗരവക്കാരനാണ്.”
കായംകുളം കൊച്ചുണ്ണിയായി അഭിനയിക്കാന്‍ അവസരം കിട്ടിയാലും അതിവിദഗ്ദ്ധമായി അതിനുള്ള ശ്രമം നടത്തുമെന്ന് മാമുക്കോയ പറയുന്നു. വടക്കന്‍ വീരഗാഥയില്‍ ചന്തുവിന്റെ വേഷം കിട്ടിയാല്‍ എനിക്ക് പറ്റുന്നതുപോലെ ഞാനും അഭിനയിക്കും. അത്ര തന്നെ. മുച്ചീട്ടു കളിക്കാരനിലെ എട്ടുകാലി മമ്മൂഞ്ഞും മണ്ടന്‍ മുത്തപ്പയുമൊക്കെ എന്നെ ആകര്‍ഷിച്ച കഥാപാത്രങ്ങളാണ്. സിനിമയില്ലെങ്കില്‍ എന്തു ചെയ്യുമെന്നോര്‍ത്ത് തനിക്ക് പേടിയില്ലെന്നും താരം പറഞ്ഞു. മുന്‍പ് തടി അളക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് 22 വര്‍ഷം കേരളത്തില്‍ മുഴുവന്‍ കറങ്ങിയതാണ് ഞാന്‍. ദു:ഖത്തിലും സുഖത്തിലും സ്വയം മറക്കുന്ന മനസ്സല്ല എന്റേത്. എല്ലാം ദൈവമൊരുക്കുന്ന വഴികളല്ലേ?” മാമുക്കോയ പറയുന്നു.