മലയാള സിനിമയെ മറ്റ് ഇൻഡസ്ട്രികളിൽ വ്യത്യസ്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇവിടെ നിർമിക്കപ്പെടുന്ന ചിത്രങ്ങൾ പറയുന്ന കഥകൾ പ്രേക്ഷകരോട് ഏറെ ചേർന്ന് നിൽക്കുന്ന ഒന്നാണ് എന്നുള്ളത് കൊണ്ട് തന്നെയാണ്. സാധാരണക്കാരന്റെ സാധാരണ പ്രശ്നങ്ങൾ സരസമായി അവതരിപ്പിക്കുന്ന ചിത്രങ്ങളെ മലയാളികൾ എന്നും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ആ ഒരു നിരയിലേക്കാണ് ‘മാംഗല്യം തന്തു നാനേന’ എന്ന തന്റെ ആദ്യചിത്രത്തെ സംവിധായക സൗമ്യ സദാനന്ദൻ കൈപിടിച്ച് കയറ്റി നിർത്തിയിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ സൗമ്യ സംവിധാനം നിർവഹിക്കുന്ന ആദ്യ കോമേർഷ്യൽ ചിത്രമാണ് ഇത്. കഴിവുള്ള ഒരു വനിതയെ മലയാളത്തിലെ സംവിധായക നിരയിലേക്ക് ലഭിച്ചതിൽ നമുക്ക് അഭിമാനിക്കാം.
നവദമ്പതികളായ റോയിയുടെയും ക്ലാരയുടെയും ജീവിതത്തിലൂടെയാണ് ചിത്രം കടന്ന് പോകുന്നത്. പ്രവാസിയായിരുന്ന റോയിക്ക് സാമ്പത്തികമാന്ദ്യം മൂലം അവിടെയുള്ള ജോലി നഷ്ടപ്പെടുന്നു. പിന്നീട് നാട്ടിലെത്തിയ റോയി തന്റെ കടങ്ങളും പ്രാരാബ്ധങ്ങളും തീർക്കുവാൻ വേണ്ടി നടത്തുന്ന കുറുക്കുവഴികളും ഭാര്യ ക്ലാരയെ അതൊന്നും അറിയിക്കാതിരിക്കാനുള്ള പെടാപ്പാടുകളുമെല്ലാമാണ് മാംഗല്യം തന്തു നാനേനയുടെ ഇതിവൃത്തം. കുടുംബജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും കണ്ണോടിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു കണ്ണാടി തന്നെയാണ്. ഒട്ടേറെ പേർക്ക് കിറുകൃത്യമായി തന്നെ സ്വന്തം ജീവിതം കാണിച്ചു കൊടുക്കുന്ന ഒരു കണ്ണാടി
റോയ് എന്ന പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത് ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തെയാണ്. അതേപോലെ തന്നെ മനോഹരമായ, സ്വന്തം കുടുംബത്തിനായി ഏതറ്റം വരെ പോകാനും മടി കാണിക്കാത്ത ഒരു സരസനായ ഒരു കഥാപാത്രമാണ് മാംഗല്യം തന്തു നാനേനയിലെ ചാക്കോച്ചൻ അവതരിപ്പിച്ചിരിക്കുന്ന റോയ് എന്ന കഥാപാത്രം. എന്നത്തേയും പോലെ തന്നെ തന്റെ കഥാപാത്രത്തെ മനോഹരമാക്കാൻ ചാക്കോച്ചന് സാധിച്ചിട്ടുണ്ട്. മികച്ചൊരു കെമിസ്ട്രി നിലനിർത്തി നിമിഷ സജയനും ക്ലാര എന്ന തന്റെ കഥാപാത്രത്തെ ഭദ്രമാക്കി. ശാന്തി കൃഷ്ണയുടെ അമ്മ വേഷവും ഹരീഷ് കണാരന്റെ ഷംസു എന്ന കഥാപാത്രവും മംഗല്യം തന്തുനാനേനയ്ക്ക് ഗുണമായി. മകനെ മുന്നോട്ട് നയിക്കാനുള്ള ആര്‍ജ്ജവമുള്ള അമ്മവേഷത്തില്‍ ശാന്തി കൃഷ്ണയ്ക്ക് കയ്യടി ലഭിക്കുകയാണ്. സ്വതസിദ്ധമായ നര്‍മ്മത്തിന്റെ ബലത്തില്‍ വീണ്ടും ശ്രദ്ധ നേടുകയാണ് ഹരീഷിന്റെ ഷംസു. വിജയരാഘവൻ, അലൻസിയർ, സലിം കുമാർ. ചെമ്പിൽ അശോകൻ, റോണി ഡേവിഡ്, ലിയോണ ലിഷോയ് എന്നിവർ അവരുടെ വേഷങ്ങൾ മനോഹരമാക്കി.
വിവാഹം കഴിച്ചവർക്കും കഴിക്കാൻ ഇരിക്കുന്നവർക്കും വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് വാശി പിടിച്ചിരിക്കുന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് മാംഗല്യം തന്തു നാനേന. ടോണി മഠത്തിലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥയിലെ പുതുമ ഇല്ലാത്തത് തന്നെയാണ് ഒരു പ്രധാന പോരായ്മയായി തോന്നുന്നത്. പശ്ചാത്തല സംഗീതത്തിനും ഗാനങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഗാനങ്ങൾ നിലവാരം പുലർത്തുന്നു. ചിത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഗാനത്തിലാണ്. സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്ന് സംഗീതമൊരുക്കിയിരിക്കുന്നു. അരവിന്ദ് കൃഷ്ണയുടെ ഛായാഗ്രഹണം, ക്രിസ്റ്റി സെബാസ്റ്യന്റെ എഡിറ്റിങ് തുടങ്ങി സാങ്കേതികവശങ്ങളും തൃപ്തികരമാണ്. എല്ലായിടത്തും കാണുവാൻ സാധിക്കുന്ന സാധാരണ പ്രശ്നങ്ങളെ നർമ്മത്തിന്റെ മേമ്പൊടി ചാർത്തി അവതരിപ്പിച്ചിരിക്കുന്ന മാംഗല്യം തന്തു നാനേന പ്രേക്ഷകർക്ക് ഒരു വിരുന്ന് തന്നെയാണ്