ജോജു ജോർജും അനശ്വര രാജനും പ്രധാനവേഷങ്ങളിൽ എത്തുന്ന ‘അവിയൽ’ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ചിത്രത്തിൽ അച്ഛൻ – മകൾ വേഷത്തിലാണ് ജോജുവും അനശ്വരയും എത്തുന്നത്. ഷാനിൽ മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ഗാനത്തിന്റെ സംഗീതസംവിധാനം ശരത്തും ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോനും ചിത്രയും ആണ്. 80 – 90 കാലഘട്ടത്തെ ഓർമപ്പെടുത്തുന്ന രീതിയിലാണ് പാട്ടിന്റെ ചിത്രീകരണം. പോക്കറ്റ് എസ് ക്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് സുരേന്ദ്രൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഷാനിൽ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മങ്കിപെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ ഒരുക്കുന്ന ചിത്രമാണ് അവിയൽ. പുതുമുഖമായ സിറാജുദ്ദീൻ ആണ് നായകൻ. കൂടാതെ കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥ അച്ഛൻ – മകൾ സംഭാഷണത്തിലൂടെ അവതരിപ്പിക്കുകയാണ് ‘അവിയൽ’. സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ തുടങ്ങി നാലുപേരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ, ഗോവ, കൊടൈക്കനാൽ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷനുകൾ. റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
പ്രൊജക്റ്റ് ഡിസൈനർ – ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ – ശശി പൊതുവാൾ, മനു മഞ്ജിത്, നിസ്സാം ഹുസൈൻ, മാത്തൻ, ജിസ് ജോയ് തുടങ്ങിയവരുടെ വരികൾക്ക് ശങ്കർ ശർമ, ശരത് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ മേഘ മാത്യു. സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് അമൽ ചന്ദ്രൻ, കലാ സംവിധാനം – ബംഗ്ലാൻ. സ്റ്റിൽസ് – മോജിൻ, ഡിസൈൻസ് യെല്ലോ ടൂത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.