റിലീസ് ചെയ്ത് പത്തു ദിവസം കൊണ്ട് കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും സീൻ മാറ്റി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. തമിഴ് നാട്ടിൽ നിന്ന് കഴിഞ്ഞ 10 ദിവസം കൊണ്ട് നേടിയ ബോക്സ് ഓഫീസ് കളക്ഷൻ പത്തു കോടി രൂപയാണ്. അതേസമയം, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ കേരളത്തിലേതിനേക്കാൾ അഡ്വാൻസ് ബുക്കിംഗിൽ മുൻപന്തിയിലാണ് തമിഴ്നാട്. റിലീസ് ചെയ്തതിനു ശേഷമുള്ള രണ്ടാം ഞായറാഴ്ചയായ ഇന്ന് കേരളത്തിലെ അഡ്വാൻസ് ബുക്കിംഗ് 1.75 കോടി രൂപയാണ്. തമിഴ്നാട്ടിൽ 2.35 കോടി രൂപയാണ് രണ്ടാം ഞായറാഴ്ചയിലെ അഡ്വാൻസ് ബുക്കിംഗ്. ചുരുക്കത്തിൽ മലയാള സിനിമയുടെ ചരിത്രത്തിലെ സൂപ്പർ ഡ്യൂപ്പർ സൺഡേയാണ് മഞ്ഞുമൽ ബോയ്സ് റിലീസ് ചെയ്തതിനു ശേഷമുള്ള രണ്ടാം ഞായറാഴ്ച.
തമിഴ് നാട്ടിൽ ഇത്രയും വേഗത്തിൽ പത്തു കോടി ക്ലബിൽ കയറുന്ന ആദ്യത്തെ മലയാള ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയിൽ കമൽ ഹാസൻ ചിത്രമായ ഗുണയുടെ റഫറൻസ് കൂടി ആയപ്പോൾ തമിഴ് നാട്ടിലും മഞ്ഞുമ്മൽ ബോയ്സ് കേറി കൊളുത്തി. സൌബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഗണപതി, ബാലു വർഗീസ്, ജീൻ പോൾ ലാൽ, അഭിരാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, വിഷ്ണു രഘു, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, ചന്തു സലിം കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം, ആഗോള ബോക്സ് ഓഫീസിൽ മഞ്ഞുമ്മൽ ബോയ്സ് 75 കോടി ക്ലബിൽ ഇടം സ്വന്തമാക്കി. 75 കോടി ക്ലബിൽ എത്തുന്ന പത്താമത്തെ മലയാളം ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം ആദ്യവാരം കടന്ന് രണ്ടാം വാരത്തിലേക്ക് എത്തുമ്പോൾ തിയറ്ററുകളും നിറയുകയാണ്. ഹൌസ് ഫുൾ ഷോകളാണ് മിക്കയിടത്തും. റിലീസ് ചെയ്തതിനു ശേഷമുള്ള ആദ്യ ഞായറാഴ്ചയേക്കാൾ രണ്ടാം ഞായറാഴ്ചയിലെ അഡ്വാൻസ് ബുക്കിംഗും കൂടി.