കഴിഞ്ഞദിവസം ആയിരുന്നു നടനും സംവിധായകനുമായ ശ്രീനിവാസനെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെ നിരവധി വ്യാജ വാർത്തകളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു. അദ്ദേഹത്തെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ യാതൊരുവിധ ആശങ്കകളും വേണ്ടെന്നാണ് ശ്രീനിവാസനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ, ഇത്തരം അഭ്യൂഹങ്ങളെ തമാശയായി കാണുന്ന ശ്രീനിവാസൻ പറഞ്ഞ രസകരമായ മറുപടികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് നിർമാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്.
മനോജ് രാംസിങ് ആദ്യം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘രാത്രിയിൽ ശ്രീനിയേട്ടനോട് സംസാരിക്കവേ വീണ്ടും തോരാതെ പെയ്യുന്ന ആദരാജ്ഞലി വാർത്തകളെപ്പറ്റി ശ്രീനിയേട്ടൻ: “ആദരാഞ്ജലികളെ പുശ്ചിക്കാൻ താനാരാ? അത് സ്നേഹമാണ്, മരിക്കുന്നതിന് മുൻപേ ചിലരത് തരുന്നെങ്കിൽ അതിനർത്ഥം അവർക്ക് നമ്മളോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്, എനിക്ക് അഞ്ജലികൾ ഇഷ്ട്ടമാണ്.. മനോജിന് ജീവിച്ചിരിക്കുമ്പോൾ ആദരാഞ്ജലി കിട്ടാത്തതിന്റെ കൊതിക്കെർവ്വാണ്…’ ‘ഞാനിപ്പോ എന്താ വേണ്ടേ ?”
ശ്രീനിയേട്ടൻ: ‘പോയിട്ട് പരമാവധി ആദരാഞ്ജലി സംഘടിപ്പിച്ചോണ്ട് വാ… പിന്നെ, അഞ്ജലികളെ തടയുന്ന ഒറ്റ പോസ്റ്റ് പോലും ഇട്ടേക്കരുത്… ഐ നീഡ് മാക്സിമം അഞ്ജലീസ്… യു ഗെറ്റ് മീ?’
രണ്ടാമതായി മനോജ് രാംസിങ് കുറിച്ച പോസ്റ്റ് ഇങ്ങനെ, ‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം” മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്.
ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല.’ – എന്നാണ് മനോജിന്റെ പോസ്റ്റ് അവസാനിച്ചിരിക്കുന്നത്. ശ്രീനിവാസൻ എത്രയും പെട്ടെന്ന് സുഖമായി വരട്ടെ എന്ന് ആശംസിച്ച് നിരവധി പേരാണ് കമന്റ് ബോക്സിൽ എത്തിയത്. നിരവധി പേരാണ് മനോജിന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.