മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. താരരാജാവ് മോഹൻലാൽ മരക്കാറായി മുന്നിലേക്ക് എത്തുമ്പോൾ മലയാളത്തിൽ സംഭവിക്കുന്നത് ഇന്ത്യൻ സിനിമയിലെ വെച്ചുതന്നെ ഏറ്റവും വലിയ ചിത്രമാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ലോകവ്യാപകമായ റിലീസ് ചെയ്യുന്നത് അയ്യായിരത്തോളം തിയേറ്ററുകളിലാണ്. ചിത്രത്തിന്റെ ആദ്യ ടീസർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. അൽഫോൻസ് പുത്രനാണ് ടീസർ എഡിറ്റ് ചെയ്തിരിക്കുന്നത്.
ഇപ്പോൾ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം എപ്പോൾ നടത്തണം എന്നതിൽ ഒരു തീരുമാനം എടുത്തിരിക്കുകയാണ് ആശിർവാദ് സിനിമാസ്. അർധരാത്രി 12 മണിക്ക് തന്നെ ചിത്രത്തിന്റെ ആദ്യ ഫാൻസ് ഷോ ആരംഭിക്കും. പിന്നീട് പുലർച്ചെ 4 മണിക്കും ചിത്രത്തിന്റെ ഫാൻസ് ഷോ ഉണ്ടായിരിക്കും. ഈ രണ്ട് ഷോകൾക്ക് ശേഷം മാത്രമായിരിക്കും റെഗുലർ ഷോകൾ ആരംഭിക്കുക.
ആക്ഷനും vfx, ഗ്രാഫിക്സ് വർക്കുകൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചരിത്ര സിനിമ ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയും അഭിമാനമായി ഉയർന്നു നിൽക്കുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ലോകവ്യാപകമായി മാർച്ച് 26ന് റിലീസിനൊരുങ്ങുന്ന ചിത്രം കേരളത്തിലെ 90 ശതമാനം തീയറ്ററുകളിൽ, അതായത് ഏകദേശം അഞ്ഞൂറോളം തിയേറ്ററുകളിലാവും റിലീസ് ചെയ്യുക. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിംങ്ങിന് തന്നെയാണ് മരക്കാർ തയ്യാറെടുക്കുന്നത്. മലയാള സിനിമ കണ്ടതിൽ വെച്ച് റിലീസിംഗിന് മുമ്പ് ഏറ്റവും കൂടുതൽ തുക ബിസിനസിൽ നേടിയ ചിത്രം, മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം, അങ്ങനെ നീളുകയാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ റെക്കോർഡുകൾ.
അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്.