ഇന്നേ വരെയുള്ള മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ്, കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ഈ ചിത്രം നൂറു കോടി ബഡ്ജറ്റിൽ ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വരുന്ന ഡിസംബർ രണ്ടിന് ലോകം മുഴുവനും അഞ്ചു ഭാഷകളിലായി അറുപതോളം രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ പോവുകയാണ് ഈ ചിത്രം. ഈ ചിത്രത്തെ വരവേൽക്കാനായി കേരളവും മലയാളി പ്രേക്ഷകരും ഒരുങ്ങി കഴിഞ്ഞു.
അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. 2305 റുബിക്സ് ക്യൂബുകൾ കൊണ്ട് ഒരുക്കിയ ഒരു വമ്പൻ മരക്കാർ പോസ്റ്റർ ആണ് ഈ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുക. ഒരു കടൽ തീരത്തു ഈ റുബിക്സ് ക്യൂബ് പോസ്റ്റർ ഒരുക്കി ഞെട്ടിച്ചത് ഹരിപ്രസാദ് സി എം എന്ന കലാകാരനാണ്. അവനിർ ടെക്കനോളജി ഡിജിറ്റൽ പാർട്ണർ ആയി വന്ന ഈ വീഡിയോ ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. മോഹൻലാൽ ആരാധകനും സോഷ്യൽ മീഡിയയിലെ മോഹൻലാൽ ഫാൻസ് ക്ലബ്ബിന്റെ സാരഥികളിൽ ഒരാളുമായ ഉണ്ണി രാജേന്ദ്രൻ ആണ് ഈ വീഡിയോയുടെ ക്രിയേറ്റിവ് ഹെഡ്. ഏതായാലും വലിയ ശ്രദ്ധയാണ് ഹരിപ്രസാദിന്റെ കലാവിരുതിനു സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.
ഇപ്പോൾ തന്നെ കേരളത്തിൽ റെക്കോർഡ് ഇട്ടു കൊണ്ട് ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ ആരാധകർ ഒരുക്കുന്ന ഫാൻസ് ഷോകൾ 650 പിന്നിട്ടു കഴിഞ്ഞു. അത് ആയിരം എന്ന സംഖ്യയിലേക്കു ആണ് ഇപ്പോൾ കുതിക്കുന്നത്. അതുപോലെ തന്നെ കേരളത്തിലും ഗൾഫിലും എല്ലാം അഡ്വാൻസ് ബുക്കിങ്ങിൽ പുതിയ ചരിത്രമാണ് മരക്കാർ സൃഷ്ടിക്കുന്നത്. മലേഷ്യ പോലുള്ള രാജ്യത്തു ആദ്യമായി റിലീസ് ചെയ്യുന്ന മലയാള ചിത്രമായി മാറാൻ പോകുന്ന മരക്കാരിനു ലണ്ടനിൽ വരെ പത്തിലധികം പ്രീമിയർ ഷോകളാണ് ആദ്യ ദിനം ഒരുങ്ങുന്നത്.