കേരള ക്രിസ്ത്യാനി സമൂഹത്തിന്റെ തനതായ ഒരു കലാരൂപമാണ് മാർഗംകളി. പക്ഷേ കുട്ടനാടൻ മാർപാപ്പക്ക് ശേഷം ശ്രീജിത് വിജയൻ ഒരുക്കിയിരിക്കുന്ന മാർഗംകളി എന്ന ചിത്രം ഒരു മാർഗവുമില്ലാതെ കളിക്കുന്ന ഒരു കളിയുടെ രസകരമായ ഒരു അവതരണമാണ്. റൊമാന്റിക് കോമഡി ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രം പ്രേക്ഷകർക്ക് മനസ്സ് തുറന്ന് പൊട്ടിച്ചിരിക്കാൻ ഏറെ നൽകുന്നുണ്ട്. കുറവുകളെ കൂടുതലാക്കി ജീവിതം രസകരമാക്കുന്ന ഒരു സുന്ദര വിരുന്ന് കൂടിയാണ് മാർഗംകളി.
രമണനും ഭാര്യ ചന്ദ്രികയും തമ്മിൽ സംസാരിച്ചിട്ട് വർഷം 20 കഴിഞ്ഞു. ചില തെറ്റിദ്ധാരണകൾ മൂലം മിണ്ടാതിരിക്കുന്ന അവരുടെ ജീവിതത്തിലെ ‘ഹംസം’ മകൻ സച്ചിയാണ്. അതിനാൽ തന്നെ അവർ രണ്ടുപേർക്കും മകനെ ജോലിക്ക് വിടുവാൻ മടിയുമാണ്. സച്ചിയുടെ ഏറ്റവും വലിയ പ്രത്യേകത എന്നു പറയുന്നത് അവന് ആരെയും വീഴ്ത്തുവാൻ സാധിക്കുന്ന തരത്തിൽ പ്രേമലേഖനം എഴുതുവാൻ അറിയാം. സച്ചി എഴുതുന്ന പ്രേമലേഖനം വായിച്ചാൽ ഏതു പെണ്ണും വീഴുമെന്നുള്ളതിനാൽ ഒരു നീണ്ട നിര തന്നെയാണ് അവൻ എഴുതുന്ന കത്തിനായി കാത്തു നിൽക്കുന്നത്. പക്ഷേ ഒരിക്കലും അവൻ അവനു വേണ്ടി കത്തെഴുതിയിട്ടില്ല. കുടിയനായ ആന്റപ്പൻ, റ്റിക് ടോക് ഉണ്ണി എന്നിവരാണ് സച്ചിയുടെ അടുത്ത സുഹൃത്തുക്കൾ. ആദ്യമായി പ്രണയിച്ച പെൺകുട്ടിയിൽ നിന്നും കട്ട തേപ്പ് കിട്ടുന്നതോടെ പെണ്ണും വേണ്ട കല്യാണവും വേണ്ടായെന്ന് പറഞ്ഞു നടക്കുന്ന സച്ചിയുടെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ് വന്നു കയറുന്നു. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ പ്രേക്ഷകർക്ക് മുൻപിലേക്ക് രസചരടിൽ കോർത്ത് എത്തിച്ചിരിക്കുന്നത്.
ഒരു പഴയ ബോംബ് കഥക്ക് ശേഷം ബിബിൻ ജോർജ് നായകനാകുന്ന ഈ ചിത്രത്തിലും പോളിയോ ബാധിതനായിട്ട് തന്നെയാണ് ബിബിൻ എത്തിയിരിക്കുന്നത്. കോമഡി രംഗങ്ങൾ കൈകാര്യം ചെയ്യുവാനുള്ള ബിബിന്റെ കരുത്തിനൊപ്പം പ്രണയ നായകനായും ബിബിൻ തിളങ്ങുന്നുണ്ട്. അതോടൊപ്പം നമിത പ്രമോദും മികച്ച രീതിയിൽ തന്നെ ചിത്രത്തിൽ സ്കോർ ചെയ്തിട്ടുണ്ട്. ‘ജസ്റ്റ് ഫോർ ആ രസ’വുമായി സിദ്ധിഖ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. രമണൻ എന്ന കഥാപാത്രത്തെ അദ്ദേഹം മനോഹരമാക്കിയപ്പോൾ ചന്ദ്രികയായി ശാന്തി കൃഷ്ണയും തിളങ്ങി. ഹരീഷിന്റെ ടിക് ടോക് ഉണ്ണിയും ബൈജുവിന്റെ ആന്റപ്പനും ധർമജന്റെ ബിലാലും ചേർന്നാണ് ചിരിവിരുന്നിന് തിരി കൊളുത്തുന്നത്. പൊട്ടിച്ചിരിക്കാൻ ഏറെ അവർ സമ്മാനിച്ചിട്ടുണ്ട്. 96 ഫെയിം ഗൗരി കിഷനും തന്റെ റോൾ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. രഞ്ജി പണിക്കർ, ബിന്ദു പണിക്കർ, അജയ് വാസുദേവ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സുരഭി എന്നിങ്ങനെ നല്ലൊരു താരനിര പൊട്ടിച്ചിരിപ്പിക്കുവാൻ മുന്നിൽ തന്നെയുണ്ട്.
മിമിക്രി രംഗത്തെ പ്രശസ്തനും നടനുമായ ശശാങ്കനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നായകൻ ബിബിൻ തന്നെയാണ് സംഭാഷണങ്ങൾ തയ്യാറാക്കിയതും. പ്രേക്ഷകർക്ക് ഉള്ള് തുറന്ന് പൊട്ടിച്ചിരിക്കാൻ ഉള്ളത് അവർ അവരുടെ എഴുത്തുകളിൽ ഒരുക്കി വെച്ചിട്ടുണ്ട്. അരവിന്ദ് കൃഷ്ണയുടെ ഛായാഗ്രഹണവും ഗോപി സുന്ദർ ഈണമിട്ട ഗാനങ്ങളും കൈയ്യടികൾ നേടുന്നു. രസച്ചരട് മുറിയാതെ ജോൺകുട്ടിയുടെ എഡിറ്റിങ്ങും പ്രേക്ഷകരെ ചിത്രം ആസ്വദിക്കുവാൻ സഹായിക്കുന്നുണ്ട്. ഫ്ലാഷ്ബാക്കുകളും ട്വിസ്റ്റുകളും പൊട്ടിച്ചിരികളുമായി ഒരു പക്ക എന്റർടൈനർ തന്നെയാണ് മാർഗംകളി.