വയനാട് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ എല്ലാവരുടെയും മനസിലേക്ക് വരുന്നത് കാടും മരങ്ങളും നിറഞ്ഞ സ്ഥലം ആണ്. എന്നാൽ ഇവിടെ ഹൈറേഞ്ച് എൻട്രി നടത്തിയിരിക്കുകയാണ് ഒരു വധു. വണ്ടന്മേട് ചേറ്റുകുഴി ആകാട്ടുമുണ്ടയിൽ കർഷകനായ ബേബി ആണ് തന്റെ മകളെ വിവാഹ മുഹൂർത്തത്തിൽ ആകാശമാർഗം വഴി മണ്ഡപത്തിൽ എത്തിച്ചത്. മകൾ മരിയ ലൂക്കയുടെ വിവാഹം നടത്തിയാണ് ബേബി താരം ആയത്. താമസ സ്ഥലത്ത് നിന്നും വിവാഹ മണ്ഡപത്തിലേക്ക് ഏകദേശം 14 മണിക്കൂറുകൾ നീണ്ട യാത്ര ഉണ്ടായിരുന്നു.
എന്നാൽ കോവിഡ് കാലം ആയതിനാൽ കൃത്യസമയത്ത് വിവാഹത്തിന് എത്താൻ കഴിയില്ലെന്ന് മനസിലാക്കിയാണ് ബേബിയും ഭാര്യയും രണ്ടു പെൺമക്കളും ഹെലികോപ്റ്റർ വാടകയ്ക് എടുത്ത് കൃത്യസമയത്തു വിവാഹ സ്ഥലത്ത് എത്തിയത്. ഏകദേശം നാലര ലക്ഷം രൂപ ചിലവാക്കിയാണ് ബേബി ഹെലികോപ്റ്റർ ഇറക്കിയത്. ഇതോടെ 14 മണിക്കൂർ റോഡ് മാർഗം സഞ്ചരിക്കേണ്ട യാത്ര ഒന്നര മണിക്കൂറുകൊണ്ട് ചുരുക്കാൻ കഴിഞ്ഞു. രാവിലെ 9 മണിയോടെ ഇടുക്കിൽ നിന്ന് പുറപ്പെട്ട് 10.20 ആകുമ്പോഴേക്കും വധു വയനാട്ടിലെത്തി.
ഇതേ സമയം ബന്ധുക്കൾ റോഡ് മാർഗം സഞ്ചരിച്ചു വിവാഹസ്ഥലത്ത് എത്തിയിരുന്നു. ആടിക്കൊല്ലി സ്വദേശി വൈശാഖുമായാണ് മരിയയുടെ വിവാഹം നടന്നത്. കഴിഞ്ഞ മേയ് മാസത്തിൽ നടത്താനിരുന്ന ഇരുവരുടെയും വിവാഹം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു. എന്തായാലും ഇപ്പോൾ ബേബി ആണ് വയനാട്ടിൽ താരം ആയിരിക്കുന്നത്.