കൊറോണ ഭീതിയിൽ ലോകം മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്. ലോക്ക് ഡൗൺ മൂലം ഒട്ടു മിക്കവരും വീടുകളിൽ തന്നെ തങ്ങുകയും ചെയ്യുന്നു. അതിനിടയിൽ അവരുടെ പ്രിയതാരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് സംവദിക്കുന്നത് ഒരു ആശ്വാസദായകമായ പ്രവൃത്തി തന്നെയാണ്. അത്തരത്തിൽ ഉള്ളൊരു ലൈവ് വീഡിയോയാണ് ഇപ്പോൾ സംസാരവിഷയം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമായ മാസ്റ്ററിന്റെ സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രേക്ഷകരോട് സംസാരിച്ചത്.
മാസ്റ്റർ പൂർണമായും ഒരു ആക്ഷൻ എന്റർടൈനർ ആയിരിക്കുമെന്ന് ഉറപ്പ് നൽകിയ ലോകേഷ് വിജയ് – വിജയ് സേതുപതി സീനുകൾ രണ്ടു പേരുടെയും ആരാധകർക്ക് വലിയൊരു ട്രീറ്റ് തന്നെയായിരിക്കും എന്നും കൂട്ടിച്ചേർത്തു. നൈറ്റ് ഇഫക്ടിൽ ഒരുക്കിയ തന്റെ മുൻചിത്രങ്ങളായ മാനഗരം, കൈതി എന്നിവയിൽ നിന്നും തികച്ച വ്യത്യസ്തമായ ഒരു രീതിയിലാണ് മാസ്റ്റർ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദളപതിയോടുള്ള സൗഹൃദത്തെ കുറിച്ച് ചോദിച്ചപ്പോൾ സംവിധായകൻ നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടിയത്. മാസ്റ്റർ തുടങ്ങിയപ്പോൾ വിജയ് സർ എന്ന് വിളിച്ചിരുന്ന ഞാൻ ഇപ്പോൾ വിജയ് അണ്ണാ എന്നാണ് വിളിക്കുന്നത്..! എന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഇരുപതോ മുപ്പതോ ദിവസത്തെ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് ബാക്കിയുണ്ടെന്നും അതിന് ശേഷമേ റിലീസ് ഡേറ്റ് ഉറപ്പിക്കാൻ പറ്റൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.