ബിഗിലിലെ വെറിത്തനം അടക്കം 33 ഗാനങ്ങൾ ഇതിനകം പാടിയിട്ടുള്ള ഇളയ ദളപതി വീണ്ടും ഗായകനായിരിക്കുകയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന് വേണ്ടിയാണ് വിജയ് വീണ്ടും ആലപിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഒരു കുട്ടി സ്റ്റോറി എന്ന ഗാനം വാലെന്റൈൻസ് ഡേയായ ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. ഇതിന് മുൻപ് കത്തിയിലെ ‘സെൽഫി പുള്ള’ എന്ന സൂപ്പർഹിറ്റ് ഗാനമാണ് അനിരുദ്ധ് – വിജയ് കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത് എന്നതിനാൽ തന്നെ ഏറെ ആകാംക്ഷയിലായിരുന്ന പ്രേക്ഷകർക്ക് നല്ലൊരു വിരുന്ന് തന്നെയാണ് ഗാനം. മാസ്റ്റർ മറ്റ് വിജയ് ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായതിനാൽ തന്നെ ഗാനവും വേറിട്ട് നിൽക്കുന്നതാണ്. അരുൺരാജാ കാമരാജാണ് ഗാനത്തിന്റെ വരികൾ.
ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ഏപ്രിലിലാണ് റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്.