ആവേശത്തോടെ ആരാധകർ കാത്തിരുന്ന ചിത്രം കെ ജി എഫ് ചാപ്റ്റർ ടു ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തി. ബാഹുബലി രണ്ടിന് ലഭിച്ചതോ അതിലും വലുതോ ആയ തിരക്കാണ് കെ ജി എഫ് ചാപ്റ്റർ ടുവിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യഷോ മുതൽ വളരെ മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. പോസിറ്റീവ് ആയിട്ടുള്ള ഈ റിവ്യൂകൾ തന്നെ ചിത്രത്തിന് മികച്ച വിജയം നൽകുമെന്നാണ് റിപ്പോർട്ടുകൾ. പോസിറ്റീവ് റിവ്യൂകൾ കൂടി ലഭിച്ച സാഹചര്യത്തിൽ ചിത്രം പുതിയ റെക്കോർഡുകൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. വലിയ ആവേശത്തോടെയാണ് കെ ജി എഫ് ടുവിന് ആരാധകർ കാത്തിരുന്നത്. ചിത്രത്തിനായുള്ള മുൻകൂർ ബുക്കിംഗ് തന്നെ റെക്കോർഡ് ആയിരുന്നു. അതിനാൽ തന്നെ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച ഓപ്പണറായി കെജിഎഫ് മാറുമെന്നാണ് വിദഗ്ദർ പ്രവചിക്കുന്നത്. എന്നാൽ, വിചാരിക്കുന്ന പോലെ ഈ പോരാട്ടം അത്ര ലളിതമല്ല.
നിലവിൽ ആർആർആർ ആണ് ഏറ്റവും മികച്ച ഓപ്പണിംഗ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം റിലീസ് ആയ ആദ്യദിവസം തന്നെ ആഗോളതലത്തിൽ 200 കോടി രൂപയ്ക്ക് മുകളിലാണ് ആർആർആർ സ്വന്തമാക്കിയത്. 223 കോടി രൂപയാണ് ആഗോളതലത്തിൽ നേടിയത്. ബാഹുബലി 2 ആഗോളതലത്തിൽ ഓപ്പണിംഗ് ഡേ തന്നെ നേടിയത് 213 കോടി രൂപ ആയിരുന്നു. നേരത്തെ തന്നെ 150 കോടി ക്ലബിൽ കെ ജി എഫ് ചാപ്റ്റർ ടു ഇടം പിടിച്ചിട്ടുണ്ട്. അതേസമയം, ചിത്രത്തെക്കുറിച്ച് ആദ്യഷോ മുതൽ തന്നെ മികച്ച അഭിപ്രായം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ റെക്കോർഡ് മറികടക്കാൻ സാധ്യത ഉണ്ട്.
കെ ജി എഫ് ഒന്നാം ഭാഗത്തിലെ അമ്മയുടെ കഥാപാത്രവും പാട്ടുമൊക്കെ ഏറെ ജനപ്രീതി നേടിയിരുന്നു. ചിത്രത്തിന്റെ ഒന്നാംഭാഗം ഇറങ്ങിയതു മുതൽ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിൽ ആയിരുന്നു ആരാധകർ. രണ്ടാം ഭാഗത്തിൽ പ്രധാനമായും റോക്കിയും അധീരയും തമ്മിലുള്ള ഏറ്റുമുട്ടലും രമിക സെന്നും ഇനായത്ത് ഖലീലും സൃഷ്ടിക്കുന്ന സംഭവവികാസങ്ങളും ആയിരിക്കും പ്രമേയമാകുക. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് കേരളത്തിൽ കെ ജി എഫ് ചാപ്റ്റർ ടു വിതരണത്തിന് എത്തിക്കുന്നത്. പ്രിവ്യൂ കണ്ടതിനു ശേഷം സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് ആയിരുന്നു പൃഥ്വിരാജിന്റെ റിവ്യൂ. രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. അധീര എന്ന വില്ലൻ കഥാപാത്രമായാണ് സഞ്ജയ് ദത്ത് എത്തുന്നത്. പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. രവീണ ടണ്ടെന്, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.