മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും മുതിര്‍ന്ന നേതാക്കളും മാത്രമാണ് പങ്കെടുത്തത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിന് ദേവ്. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗവും പാര്‍ട്ടി ചാല ഏരിയാ കമ്മിറ്റി അംഗവുമാണ് ആര്യ. ബാലസംഘം കാലം മുതലുള്ള ഇവരുടെ പരിചയമാണ് വിവാഹത്തിലെത്തിയത്. ബാലസംഘം, എസ്എഫ്ഐ പ്രവര്‍ത്തന കാലത്തു തന്നെ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഒരു മാസത്തിന് ശേഷമായിരിക്കും ഇരുവരുടെയും വിവാഹം.
ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന ഖ്യാദിയോടെയാണ് ആര്യ തിരുവനന്തപുരം മേയറായി ചുമതലയേറ്റത്. തിരുവനന്തപുരം ഓള് സെയിന്റ്സ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെയായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച സച്ചിന് ദേവ്, ബാലുശ്ശേരിയില്‍ നിന്ന് മികച്ച വിജയം നേടി നിയമസഭയിലെത്തി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ദേവ്.