നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. മെഡിക്കൽ ബുള്ളറ്റിനിൽ വി പി എസ് ലേക് ഷോർ ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ അദ്ദേഹം ഇസിഎംഒ (എക്സ്ട്രകോര്പോറിയല് മെംബ്രേൻ ഓക്സിജനേഷൻ)) സപ്പോര്‍ട്ടിലാണ് എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഗുരുതരമായ പല രോഗാവസ്ഥകളും അദ്ദേഹത്തിൽ പ്രകടമാണെന്ന് ബുള്ളറ്റിനിൽ പറയുന്നു. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്ന് ലേക്ഷോർ ആശുപത്രി അധികൃതർ അറിയിച്ചു. ഡോ.വി.പി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നസന്റിനെ ചികിത്സിക്കുന്നത്. രണ്ട് ആഴ്ച മുമ്പായിരുന്നു അര്‍ബുദ ബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ ഇന്നസന്റെ 1972ൽ ആണ് ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. നൃത്തശാല എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. സ്വഭാവനടനായും ഹാസ്യനടനായും മലയാളികൾക്ക് ഒരുപോലെ പ്രിയങ്കരനായി മാറി അദ്ദേഹം. തൃശൂർ ശൈലിയിലുള്ള ഇന്നസെന്റിന്റെ സംഭാഷണരീതി വളരെ പെട്ടെന്നാണ് അദ്ദേഹത്തെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കി തീർത്തത്.