പ്രേക്ഷകര്‍ കാത്തിരുന്ന മമ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന് പരക്കെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സുന്ദരമായി മമ്മൂട്ടി അഴിഞ്ഞാടുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ വ്യത്യസ്ത അവതരണവും കൈയടി നേടുന്നു. ഐഎഫ്എഫ്കെയില് വന്‍ സ്വീകാര്യത ലഭിച്ച ചിത്രം കാണാന്‍ തീയറ്ററുകളിലേക്കും പ്രേക്ഷകര്‍ ഒഴുകിയെത്തുകയാണ്. പലയിടത്തും ചിത്രത്തിന്റെ സ്പെഷ്യല്‍ ഷോ നടത്തി. വരും ദിവസങ്ങളിലും പ്രേക്ഷകരുടെ വന്‍ തിരക്കനുഭവപ്പെടുമെന്നാണ് കരുതുന്നത്.
പൂര്‍ണമായും തമിഴ്നാട്ടില്‍ ചിത്രീകരിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി എന്ന അതുല്യ പ്രതിഭ സുന്ദരം എന്ന കഥാപാത്രത്തെ എത്ര അനാസായമായാണ് പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാപിക്കുന്നതെന്ന് തീയറ്റര്‍ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളെ തിരഞ്ഞെടുത്താല്‍ അതില്‍ ഒന്ന് നന്‍പകല്‍ നേരത്ത് മയക്കത്തിലെ സുന്ദരമായിരിക്കും. മമ്മൂട്ടിയെന്ന പോലെ ചിത്രത്തിലെ സഹതാരങ്ങളും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവയ്ക്കുന്നത്.
രമ്യാ പാണ്ട്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ട്രൂത്ത് ഫിലിംസാണ് ചിത്രത്തിന്റെ ഓവര്‍സീസ് റിലീസ് നടത്തുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു എസ്. ജോസഫാണ് നിര്‍വഹിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടേതു തന്നെയാണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതനും അനൂപ് സുന്ദരനും നിര്‍വഹിച്ചിരിക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആര്.ഒ