സുഹൃത്തുക്കളിലോ പരിചയക്കാരിലോ ഷാജി എന്നൊരാൾ ഇല്ലാത്തവർ ഇന്ന് കേരളത്തിൽ വിരളമാണ്. അങ്ങനെയുള്ള മൂന്ന് ഷാജിമാരുടെ കഥയുമായിട്ടാണ് നാദിർഷ സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമായ മേരാ നാം ഷാജി തീയറ്ററുകളിൽ എത്തിയത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലേത് പോലെ തന്നെ ടൈറ്റിലിൽ നായകന്റെ പേര് ചേർത്ത് തന്നെയാണ് മൂന്നാമത്തെ ചിത്രത്തിന്റെ ടൈറ്റിലും ഒരുക്കിയിരിക്കുന്നത്. സൗഹൃദങ്ങളുടെ അകമ്പടിയോടെ പറഞ്ഞ ആദ്യ രണ്ടു ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പരസ്പരം അറിയാത്ത മൂന്ന് ഷാജിമാരുടെ കഥയാണ് നാദിർഷ പറഞ്ഞിരിക്കുന്നത്. കോമഡിയും കുറച്ചു മാസ്സുമെല്ലാം ചേർത്ത് തന്നെയാണ് നാദിർഷ ഷാജിമാരെ അണിയിച്ചൊരുക്കി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.
കോഴിക്കോടുകാരനായ ഒരു ഗുണ്ട, ഊടായിപ്പിന്റെ ആശാനായ കൊച്ചിക്കാരൻ, തിരുവനന്തപുരത്ത് നിന്നുമുള്ള ഒരു ടാക്സി ഡ്രൈവർ എന്നിങ്ങനെ മൂന്ന് ഷാജിമാരുടെ കഥയാണ് മേരാ നാം ഷാജി പറയുന്നത്. ഇവർ മൂന്ന് പേരും യാദൃശ്ചികമായി കൊച്ചിയിൽ നടക്കുന്ന ചില സംഭവവികസങ്ങളുടെ ഭാഗമായി തീരുന്നതും അതിൽ നിന്നും പുറത്തെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മൂന്ന് പേർക്കും നല്ലൊരു എൻട്രി കൊടുത്ത് തന്നെയാണ് ചിത്രത്തിന് തുടക്കം കുറിക്കുന്നത്. മൂന്ന് പേരെയും പരസ്പരം ബന്ധിപ്പിക്കുവാനുള്ള ഒരു ശ്രമമാണ് ആദ്യ പകുതിയിൽ കാണുവാൻ സാധിക്കുന്നത്. നർമത്തിൽ ചാലിച്ച് അത് മനോഹരമാക്കിയിട്ടുണ്ടെങ്കിലും നാദിർഷയുടെ മുൻ ചിത്രങ്ങളിൽ കണ്ടൊരു അവതരണത്തിലെ പ്രത്യേക ആസ്വാദനസുഖം ചിത്രത്തിൽ കാണുവാൻ സാധിച്ചിട്ടില്ല. കൗണ്ടറുകൾ ഉണ്ടെങ്കിൽ പോലും അവയിൽ പുതുമകൾ ഒന്നും ലഭിക്കാത്തത് പ്രേക്ഷകരിൽ നിന്നുമുള്ള കൈയ്യടികൾ കുറച്ചു.
കോഴിക്കോടൻ ഷാജിയായി മാസും കോമഡിയും നിറച്ചാണ് ബിജു മേനോൻ എത്തിയിരിക്കുന്നത്. ബിജു മേനോന്റെ ‘പിന്നാമ്പുറപണിക്കാരൻ’ കൗണ്ടറുകളുമായി നിറഞ്ഞ് നിന്നപ്പോൾ ബന്ധങ്ങളിലെ ഏറ്റകുറച്ചിലുകളുമായി കൊച്ചിയിലെ ഊടായിപ്പ് ഷാജിയായി ആസിഫ് അലിയും നിറഞ്ഞ് നിൽക്കുന്നുണ്ട്. ബൈജുവിനെ സംബന്ധിച്ചിടത്തോളം ഒരു നായകവേഷം ചെയ്യുക എന്നത് തന്നെ ഒരു പക്ഷേ കരിയറിൽ ആദ്യമായിട്ടാണ്. ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം വളരെ പോസിറ്റീവ് ആയിട്ടുള്ള വേഷമാണ് ബൈജുവിന് ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. നിഖില വിമലിന് പറയത്തക്ക ഒരു നായികാപ്രാധാന്യം ലഭിച്ചിട്ടില്ല. ധർമ്മജൻ പതിവ് പോലെ പൊട്ടിച്ചിരിപ്പിച്ചപ്പോൾ ശ്രീനിവാസൻ, ഗണേഷ് കുമാർ, ടിനി ടോം, ജാഫർ ഇടുക്കി എന്നിവരും അവരുടെ വേഷങ്ങൾ മനോഹാരമാക്കി.
നാദിർഷയുടെ ആദ്യ രണ്ടു ചിത്രങ്ങളിലെ പൊട്ടിച്ചിരികളുടെ ആഴം കുറച്ച് കുറഞ്ഞുവെന്നതാണ് മേരാ നാം ഷാജിയിൽ എടുത്തു പറയത്തക്ക ഒരു കുറവെന്ന് തന്നെ പറയാം. തിരക്കഥയാണ് താരമെന്ന് അത് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു. ദിലീപ് പൊന്നന്റേതാണ് തിരക്കഥ. വിനോദ് ഇല്ലംപിള്ളി ക്യാമറ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ജോൺകുട്ടിയുടെ എഡിറ്റിംഗും പ്രശംസനീയമാണ്. എമിൽ മുഹമ്മദ് ഒരുക്കിയ ഗാനങ്ങളും മികച്ചു നിന്നു. അവധിക്കാല ആഘോഷങ്ങൾക്ക് ചിരിയുടെ അകമ്പടി തേടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ചിത്രമാണ് മേരാ നാം ഷാജി