സിനിമ നിർമ്മാണ രംഗത്തെ സജീവ സാന്നിധ്യവും യുവനിർമാതാവുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. യുവസംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമ്മിച്ചുക്കൊണ്ടാണ് വിശാഖ് സുബ്രഹ്മണ്യം നിർമാണരംഗത്തേക്ക് കടന്ന് വന്നത്. പിന്നീട്, വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകുകയും ചെയ്തു. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗൻ – സുജ മുരുഗൻ എന്നിവരാണ് വിശാഖിന്റെ മാതാപിതാക്കൾ.
തിരുവനന്തപുരത്തുള്ള ബ്ലെൻഡ് റെസ്റ്റോബാർ നടത്തിവരികയാണ് വധു അദ്വൈത ശ്രീകാന്ത്. എസ് എഫ് എസ് ഹോംസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ കെ ശ്രീകാന്ത് – രമ ശ്രീകാന്ത് ദമ്പതികളുടെ മകളാണ് അദ്വൈത. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. സിനിമാരംഗത്ത് നിന്ന് നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
ചടങ്ങിൽ സുചിത്ര മോഹൻലാൽ, പ്രിയദർശൻ, സുരേഷ് കുമാർ, മേനക സുരേഷ്, മണിയൻപിള്ള രാജു, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, പ്രണവ് മോഹൻലാൽ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, നൂറിൻ ഷെരീഫ്, അഹാന കൃഷ്ണ എന്നിങ്ങനെ സിനിമലോകത്ത് നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നുമുള്ള സുഹൃത്തുക്കൾ, കല്യാൺ ജ്യൂവൽസ് മുതലായ ബിസിനസ് രംഗത്ത് നിന്നുമുള്ളവർ, പോലീസ് ഒഫീഷ്യൽസ് എന്നിങ്ങനെ നിരവധി പേർ പങ്കെടുത്തു. അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരോടൊപ്പം ഫന്റാസ്റ്റിക്ക് ഫിലിംസ് എന്ന നിർമ്മാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ് സുബ്രഹ്മണ്യം. പ്രകാശൻ പറക്കട്ടെയാണ് ഈ കൂട്ടുകെട്ടിൽ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം.