ലോകസിനിമക്ക് മുൻപിൽ അഭിമാനത്തോടെ കാണിച്ചുകൊടുക്കുവാൻ ഇപ്പോൾ മലയാളികൾക്കും ഒരു സൂപ്പർ ഹീറോ പിറക്കുവാൻ ഒരുങ്ങുകയാണ്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലൂടെ ഉടൻ പ്രേക്ഷകരിലേക്ക് എത്തും. നായകൻ ടോവിനോ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളികൾ തീയറ്ററിൽ തന്നെ കാണുവാൻ ഏറെ കൊതിച്ചിരുന്ന ഒരു ചിത്രം കൂടിയായിരുന്നു മിന്നൽ മുരളി. ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സംഗീതം ഷാൻ റഹ്മാനുമാണ്. ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.