യൂട്യൂബ് റിവ്യൂകള്‍ക്കെതിരെ നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍ രംഗത്ത്. ചില ചിത്രങ്ങള്‍ നല്ലതാണെന്ന് പറയുന്ന ഇക്കൂട്ടര്‍ മറ്റ് ചില സിനിമകള്‍ മോശമാണെന്ന് പറയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഒരു കോടി രൂപ കൊടുത്താല്‍ യൂട്യൂബര്‍മാര്‍ ചിത്രം നല്ലതാണെന്ന് പറയും. പണം നല്‍കിയില്ലെങ്കില്‍ എത്ര നല്ല സിനിമയായാലും അത് മോശമായിരിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ചിത്രം റിലീസ് ചെയ്യുന്ന ദിവസം ആളുകളെ പണം കൊടുത്ത് തീയറ്ററില്‍ കയറ്റി ഇവര്‍ നല്ലത് പറയിപ്പിക്കും. ഇതിന് പിന്നില്‍ ഗൂഢസംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വരുന്ന നിയമസഭ സമ്മേളനത്തില്‍ താന്‍ ഈ വിഷയം ഗൗരവമായി അവതരിപ്പിക്കുമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തില്‍ പണം വാങ്ങി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാരിനും നിര്‍മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും അറിയാം. ടിക്കറ്റ് വില്‍ക്കുന്ന കമ്പനിയാണ് ഇപ്പോള്‍ ചിത്രത്തിന്റെ നിലവാരം തീരുമാനിക്കുന്നതെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.