പ്രഖ്യാപനം മുതലേ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് മലൈക്കോട്ടൈ വാലിബന്റെ പ്രധാന യു എസ് പി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രയലർ ഇതുവരെ 40 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ജനുവരി 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അഡ്വാൻസ് ബുക്കിംഗിലും വലിയ നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
കാണാൻ പോകുന്നത് വിഷ്വൽ ട്രീറ്റ് ആണെന്നാണ് മോഹൻലാൽ സിനിമയെക്കുറിച്ച് പറഞ്ഞത്. ‘ഒരു ഫെയറി ടേൽ പോലെ, അമർചിത്ര കഥ പോലെ ഒരു സിനിമ. കോസ്റ്റ്യൂം പ്ലേ എന്നും പറയാം. തേന്മാവിൻ കൊമ്പത്ത് ഒക്കെ പോലെ ഒരു സാങ്കൽപ്പിക ലോകം. ഒരു സ്ഥലമോ കാലമോ ഒന്നും പറയുന്നില്ല ഈ സിനിമയിൽ. ഒരു കളർ പാറ്റേണിലും ചാർട്ടിലുമാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. തിയറ്റർ അനുഭവമായിരിക്കും. ഡബ്ബ് ചെയ്യുമ്പോഴാണ് സിനിമ കണ്ടത്. പക്ഷേ മുഴുവനായി കണ്ടെന്ന് പറയാൻ പറ്റില്ല. എന്തായാലും ഒരു വിഷ്വൽ ട്രീറ്റാകുമെന്ന് ഉറപ്പ്’ – സിനിമയെക്കുറിച്ച് മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ. നടൻ എന്ന നിലയിൽ ഈ ചിത്രം അളവറ്റ സംതൃപ്തി നൽകിയെന്നും ലിജോയുമായി പ്രവൃത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജനുവരിയിൽ ചിത്രീകരണം തുടങ്ങിയ സിനിമയാണ്. കൊടുംതണുപ്പിൽ ചൂടുള്ള വസ്ത്രം ഒന്നും ഇടാതെയായിരുന്നു ഇവരെല്ലാം നിന്നത്. ചിത്രീകരണം അവസാനിക്കുമ്പോൾ പോണ്ടിച്ചേരിയിൽ കൊടുംചൂട്. ഈ ഒരു യാത്ര ഒരു പുതിയ അനുഭവമാണ്. സന്തോഷം നിലനിർത്തിക്കൊണ്ടുള്ള യാത്രയായിരുന്നെന്നും നിർമാതാക്കളിൽ ഒരാളായ ഷിബു ബേബി ജോൺ പറഞ്ഞു. ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. 2024 ജനുവരി 25ന് ചിത്രം തിയറ്ററുകളിൽ എത്തും.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീക്ക് ആണ്. ഇന്ത്യയ്ക്ക് പുറത്തും മികച്ച റിലീസ് ആണ് ചിത്രത്തിന്. റെക്കോര്‍ഡ് റിലീസ് ആണ് ചിത്രത്തിന് യൂറോപ്പില്‍ ലഭിക്കുക. അര്‍മേനിയ, ബെല്‍ജിയം, ചെക്ക് റിപബ്ലിക്, ഡെന്മാര്ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ജോര്‍ജിയ, ഹംഗറി തുടങ്ങി 35 ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ വാലിബന് എത്തും. യുകെയില്‍ 175 ല്‍ അധികം സ്ക്രീനുകളാണ് ചിത്രം റിലീസ് ചെയ്യപ്പെടുക.